തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യം വെക്കുന്നത്. വർഗീയതയെ കൂട്ട് പിടിച്ച് പ്രതിപക്ഷം അസത്യപ്രചരണം നടത്തുകയാണ്.
പ്രകടന പത്രിക ചവറ്റുകൊട്ടയിലെറിയുന്ന സംസ്കാരം ഇന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തുവർഷം മുൻപുള്ള യുഡിഎഫ് സർക്കാരിന്റെ ഭരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങൾ യുഡിഎഫ് കാലത്ത് തകർന്നിരുന്നു.
വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ഉത്തരവാദിത്വം ഇടത് സർക്കാർ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സര്‍ക്കാരിന്റേത് കൃത്യതയോടെയുള്ള നിലപാടാണ്. ശബരിമല പ്രചാരണ വിഷയമാക്കണോയെന്ന് പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം.
പ്രചാരണ വിഷയമാക്കിയാലും എൽഡിഎഫിനെ ബാധിക്കില്ല. മൂന്നാം എൽഡിഎഫ് സർക്കാർ ഭരണത്തിലെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



