ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ഖാംനഈയുടെ വധത്തിൽ അനുശോചന സന്ദേശം പോലുമിറക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പുറമെ കൂടുതൽ പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നു.
ഇറാനുമായി ചർച്ച നടന്നുകൊണ്ടിരിക്കേ അന്തർദേശീയ നിയമങ്ങൾ ലംഘിച്ച് അവരുടെ പരമോന്നത നേതാവിനെ വധിച്ച ശേഷവും യു.എസിന്റെയും ഇസ്രായേലിന്റെയും പേര് പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമില്ലെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. ഇസ്രായേലിന്റെയും യു.എ.ഇയുടെയും ഭരണാധികാരികളോട് സംസാരിച്ച മോദി ഇറാന്റെ പ്രതിനിധികളോട് സംസാരിക്കുന്നില്ലെന്നും ഒരു അനുശോചന സന്ദേശം പോലും നൽകുന്നില്ലെന്നും ആപ് നേതാവ് സഞ്ജയ് സിങ് കുറ്റപ്പെടുത്തി.
ഇസ്രായേൽ ഒഴികെ ലോകമൊന്നടങ്കം ഇറാന്റെ പരമോന്നത നേതാവെന്ന നിലയിൽ കാണുന്ന, ഇന്ത്യയുടെ മിത്രമായിരുന്ന ആയത്തുല്ല ഖാംനഈയുടെ വധത്തെ ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപലപിക്കേണ്ടതായിരുന്നുവെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. അനുശോചനം രേഖപ്പെടുത്തുന്നതിൽ ഭയപ്പെടുന്നതെന്തിനാണെന്ന് റാവത്തും മോദിയോട് ചോദിച്ചു.



