ജനുവരി 26-ന് കർത്തവ്യ പഥിൽ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ സായുധ സേനയുടെ സംയുക്ത കരുത്ത് വിളിച്ചോതുന്ന ‘ഓപ്പറേഷൻ സിന്ദൂർ: വിക്ടറി ത്രൂ ജോയിന്റ്‌നെസ്’ എന്ന നിശ്ചലദൃശ്യം അവതരിപ്പിക്കും. ഇന്ത്യയുടെ ആധുനിക യുദ്ധതന്ത്രങ്ങളും അത്യാധുനിക ആയുധശേഖരവും മുപ്പടകളുടെ ഏകോപനവും പ്രദർശിപ്പിക്കുന്നതാണ് ഈ ടാബ്ലോ. 2025 മെയ് മാസത്തിൽ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയാണ് ഇതിലൂടെ പുനരാവിഷ്കരിക്കപ്പെടുന്നത്.

2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം മെയ് 7-ന് ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. 88 മണിക്കൂർ നീണ്ടുനിന്ന ഈ സൈനിക നടപടിയിൽ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പതോളം ഭീകരകേന്ദ്രങ്ങൾ തകർത്തു. 1971-ലെ യുദ്ധത്തിന് ശേഷം കര, നാവിക, വ്യോമ സേനകൾ ഒന്നിച്ച് നടത്തിയ ഏറ്റവും വലിയ സംയുക്ത നീക്കമായിരുന്നു ഇത്.