പാകിസ്ഥാൻ എന്തെങ്കിലും തരത്തിലുള്ള സാഹസത്തിന് മുതിർന്നിരുന്നെങ്കിൽ അതിർത്തി കടന്ന് ശക്തമായ കരയുദ്ധം (Ground Offensive) ആരംഭിക്കാൻ ഇന്ത്യൻ സായുധ സേന പൂർണ്ണ സജ്ജമായിരുന്നുവെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ചെറിയൊരു പിഴവുണ്ടായിരുന്നെങ്കിൽ പോലും സൈന്യം തിരിച്ചടിക്കുമായിരുന്നു. പാകിസ്ഥാനെതിരായ പരമ്പരാഗത യുദ്ധമുറകൾക്കുള്ള സാധ്യത ഇന്ത്യ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷം മെയ് 7 മുതൽ മെയ് 10 വരെ നീണ്ടുനിന്ന 88 മണിക്കൂർ നീളുന്ന ഓപ്പറേഷനെക്കുറിച്ച് അദ്ദേഹം വിവരിച്ചു. “ആ 88 മണിക്കൂറിനുള്ളിൽ പാകിസ്ഥാൻ എന്തെങ്കിലും അബദ്ധം കാട്ടിയിരുന്നെങ്കിൽ കരയുദ്ധം തുടങ്ങാൻ തക്കവിധത്തിലുള്ള സൈനിക വിന്യാസമാണ് ഇന്ത്യ നടത്തിയത്. ആധുനിക യുദ്ധതന്ത്രങ്ങളിൽ പരമ്പരാഗത യുദ്ധത്തിനുള്ള സാധ്യതകൾ കുറഞ്ഞു വരികയാണെന്ന വിലയിരുത്തലുകൾക്കിടെയാണ് ഇന്ത്യയുടെ ഈ കരുത്തുറ്റ നീക്കം നടന്നത്,” ജനറൽ ദ്വിവേദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനിടെ ഏകദേശം 100 പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സേന വധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.