നിർമിതബുദ്ധി (എഐ)യുടെ രംഗത്തെ സുപ്രധാന കരാറിൽ ഏർപ്പെട്ട് ടെക് ഭീമന്മാരായ ആപ്പിളും ഗൂഗിളും. ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷൻ എഐ ഫീച്ചറുകളും സിരി ഡിജിറ്റൽ അസിസ്റ്റന്റും ഗൂഗിളിന്റെ ജെമിനി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കും. ആപ്പിളിന്റെ ഭാവി എഐ പദ്ധതികൾക്ക് ഏറ്റവും മികച്ച അടിത്തറ ഗൂഗിളിന്റെ എഐ പ്ലാറ്റ്‌ഫോം ആണെന്ന് ശ്രദ്ധാപൂർവ്വമായ വിലയിരുത്തലിനു ശേഷം തിരിച്ചറിഞ്ഞുവെന്ന് കമ്പനികൾ സംയുക്ത പ്രസ്താവനയിൽ അവകാശപ്പെട്ടു.

പുതിയ എഐ പങ്കാളിത്തത്തിന്റെ സാമ്പത്തിക വിശദാംശങ്ങൾ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല. ഈ സഹകരണം ഗൂഗിളിന്റെ എഐ മുന്നേറ്റങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. എഐ സവിശേഷതകൾ അവതരിപ്പിക്കുന്നതിൽ എതിരാളികൾക്ക് പിന്നിലായി എന്ന വിമർശനം ആപ്പിൾ നേരിട്ടിരുന്നു. ഇതോടെ എഐ ശേഷി ശക്തിപ്പെടുത്തുന്നതിനായി ഓപ്പൺഎഐ, ആന്ത്രോപിക്, പെർപ്ലെക്‌സിറ്റി തുടങ്ങിയ മറ്റ് കമ്പനികളുമായി ആപ്പിൾ പങ്കാളിത്തത്തിന്റെ സാധ്യതകൾ ആരാഞ്ഞിരുന്നു. അതിനുശേഷമാണ് ഗൂഗിളുമായുള്ള സുപ്രധാന സഹകരണം പ്രഖ്യാപിച്ചിട്ടുള്ളത്.

ഗൂഗിളുമായുള്ള പങ്കാളിത്തം നിലവിൽവന്നാലും ആപ്പിളിന്റെ ഇൻ-ഹൗസ് സംവിധാനമായ ആപ്പിൾ ഇന്റലിജൻസ് ഐഫോണുകളിലും ഐപാഡുകളിലും തുടർന്നും ഉണ്ടാകും. അതേസമയം ഗൂഗിളിന്റെ ജെമിനി കൂടുതൽ നൂതനമായ എഐ ഫങ്ഷനുകൾക്ക് പിന്തുണ നൽകുമെന്നും ആപ്പിൾ അറിയിച്ചു.

അതിനിടെ, സുപ്രധാന പങ്കാളിത്തത്തെ വിമർശിച്ച് ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക് രംഗത്തെത്തിയിട്ടുണ്ട്. ഈ സഹകരണം ഗൂഗിളിന് നീതിപൂർവമല്ലാത്ത അധികാര കേന്ദ്രീകരണം സാധ്യമാക്കുമെന്നാണ് മസ്‌കിന്റെ വിമർശനം. ആൻഡ്രോയിഡിൽ ഗൂഗിളിനുള്ള സ്വാധീനം ആപ്പിൾ ഉപകരണങ്ങളിലേക്കും വ്യാപിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗൂഗിളിന്റെ ജെമിനിയുടെ നേരിട്ടുള്ള എതിരാളിയാണ് മസ്‌കിന്റെ ഗ്രോക്ക് വികസിപ്പിക്കുന്ന xAI എന്നതാണ് വിമർശനത്തിന്റെ അടിസ്ഥാനം. ടെക് കമ്പനികൾക്കിടയിലുള്ള മത്സരത്തിന്റെ ഭാഗമായി ആപ്പിളിനും ഓപ്പൺഎഐക്കും എതിരെ മസ്‌ക് ഇതിനകംതന്നെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ആപ്പിളിന്റെ തീരുമാനം ഓപ്പൺഎഐക്ക് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഗൂഗിൾ നവംബറിൽ പുറത്തിറക്കിയ ജെമിനി 3 യുടെ മുന്നേറ്റം ഓപ്പൺഎഐക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതോടെ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഡിസംബറിൽ ജീവനക്കാർക്ക് ‘കോഡ് റെഡ്’ മെമ്മോ അയച്ചു. ചാറ്റ്ജിപിടിയുടെ നിലനിൽപ്പിനുതന്നെ ജെമിനി 3 ഭീഷണിയാണെന്ന് വിലയിരുത്തിയ കമ്പനി അടിയന്തര പരിഹാരങ്ങൾ നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. സിഇഒ സുന്ദർ പിച്ചൈയുടെ ആസൂത്രിത നീക്കങ്ങളാണ് എഐ രംഗത്തെ ഗൂഗിളിന്റെ കുതിപ്പിന് പിന്നിലെന്നാണ് നിരീക്ഷകർ പറയുന്നത്. അതിനിടെ, ഗൂഗിളിന്റെ സെർച്ച് കുത്തക നിലനിർത്താൻ ഈ കരാർ സഹായിക്കുമെന്ന് യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ ഒരു കേസിൽ വാദിച്ചിരുന്നു.