ദുബായ്: ഐസിസി ഏകദിന റാങ്കിംഗ് ഐസിസി ഇന്ന് പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ ഒന്ന് ഞെട്ടി. കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ ഏകദിന നായകന്‍ രോഹിത് ശര്‍മയും നാലാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോലിയും ആദ്യ 100ല്‍ പോയിട്ട് റാങ്കിംഗിലേ ഉണ്ടായിരുന്നില്ല. ഇതോടെ കോലിയും രോഹിത്തും ഏകദിനങ്ങളില്‍ നിന്നും വിരമിച്ചോ എന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമായി. സാധാരണഗതിയില്‍ വിരമിച്ച താരങ്ങളെയാണ് ഐസിസി റാങ്കിംഗില്‍ നിന്ന് ഒഴിവാക്കാറുള്ളത്. എന്നാല്‍ ഭീമാബദ്ധം തിരിച്ചറിഞ്ഞ ഐസിസി ഉടന്‍ തെറ്റുതിരുത്തി പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഇന്ന് പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.784 റേറ്റിംഗ് പോയന്‍റുമായാണ് ഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 756 റേറ്റിംഗ് പോയന്‍റുള്ള രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തും വിരാട് കോലി നാലാമതുമാണ്. എട്ടാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരാണ് ആദ്യപത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. കെ എല്‍ രാഹുല്‍ പതിനഞ്ചാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓസ്ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 48ാം സ്ഥാനത്തെത്തി. പാകിസ്ഥാനെിരായ പരമ്പര നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി.