ജമ്മുവിൽ നടന്ന വിവാഹച്ചടങ്ങിനിടെ പിതാവും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ നടുക്കം രേഖപ്പെടുത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പിതാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും അക്രമിക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ എത്തി വെടിയുതിർക്കാൻ സാധിച്ചുവെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നതേയുള്ളൂവെങ്കിലും ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു.

അള്ളാഹുവിൻ്റെ കരുണ കൊണ്ടാണ് പിതാവ് രക്ഷപ്പെട്ടതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ലോഡ് ചെയ്ത പിസ്റ്റളുമായി എത്തിയ അക്രമിക്ക് ഫാറൂഖ് അബ്ദുള്ളയുടെ തൊട്ടടുത്തെത്താൻ സാധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വെടിയുണ്ട ലക്ഷ്യം തെറ്റിയത്.