തൃശൂർ: ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മടങ്ങി. ശിവരാത്രി മഹാപരിക്രമ യാത്രയ്ക്കിടയിലാണ് സംഭവം.
വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. യാത്രയിൽ പങ്കെടുത്ത് വേഗത്തിൽ മടങ്ങാൻ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല.
തുടർന്ന് ഓട്ടോറിക്ഷ വിളിച്ച് അതിൽ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു. മന്ത്രി ഓട്ടോയിൽ കയറിയതിന് പിന്നാലെ ഗൺമാൻ ഓട്ടോ ഡ്രൈവർക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു.
മറ്റൊരു ബിജെപി നേതാവും സുരേഷ് ഗോപിയ്ക്കൊപ്പം ഓട്ടോയിൽ കയറി. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെയെത്തി. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.



