ബ്രസീലിലെ പരാന സംസ്ഥാനത്തുള്ള ഐവായി നഗരത്തിൽ 82 വയസ്സുള്ള സന്യാസിനിയെ മയക്കുമരുന്നിന് അടിമയായ ഒരാൾ കോൺവെന്റിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തി. ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ‘സിസ്റ്റേഴ്സ് സെർവന്റ്സ് ഓഫ് ഇമ്മാക്കുലേറ്റ് മേരി’ സന്യാസ സമൂഹാംഗമായ സിസ്റ്റർ നാദിയ ഗാവൻസ്‌കി ആണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 21-ന് സിസ്റ്റർ നാദിയ കോൺവെന്റിന് പുറത്ത് കോഴികൾക്ക് തീറ്റ നൽകിക്കൊണ്ടിരിക്കുമ്പോഴാണ് പ്രതി കോൺവെന്റ് മതിൽ ചാടിക്കടന്ന് അകത്തെത്തിയത്. അക്രമിയെക്കണ്ട് സിസ്റ്റർ നിലവിളിച്ചപ്പോൾ പ്രതി അവരെ തള്ളിവീഴ്ത്തുകയും വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കോൺവെന്റിൽ ഒരു പ്രോഗ്രാമിന്റെ ചിത്രങ്ങൾ എടുക്കാൻ എത്തിയ ഒരു ഫോട്ടോഗ്രാഫറാണ് കൊലപാതകത്തിന് ശേഷം രക്തക്കറയുമായി പുറത്തേക്ക് വന്ന പ്രതിയെ കണ്ടത്. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഫോട്ടോഗ്രാഫർ രഹസ്യമായി അയാളുടെ ദൃശ്യങ്ങൾ പകർത്തി പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടി. താൻ കൊക്കെയ്ൻ പോലുള്ള മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്നും, അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തി. മോഷണമോ ലൈംഗികാതിക്രമമോ തന്റെ ലക്ഷ്യമായിരുന്നില്ലെന്നും പ്രതി മൊഴി നൽകി.



