നിങ്ങൾ വിദേശത്തേക്ക് താമസം മാറുന്നവരോ ജോലി ചെയ്യുന്നവരോ ആണോ? ഇന്ത്യയിലുള്ള നിങ്ങളുടെ സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ എൻ.ആർ.ഒ (NRO) അക്കൗണ്ടുകളിലേക്ക് മാറ്റിയില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ തുക പിഴയും നിയമനടപടികളുമാണ്. വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (FEMA) നിങ്ങൾ ഒരു എൻ.ആർ.ഐ (NRI) ആയിക്കഴിഞ്ഞാൽ പഴയ അക്കൗണ്ട് തുടരുന്നത് കുറ്റകരമാണ്. ഇക്കാര്യത്തിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:

എപ്പോഴാണ് നിങ്ങൾ എൻ.ആർ.ഐ ആകുന്നത്?

182 ദിവസത്തെ നിയമം: ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-മാർച്ച്) 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചാൽ.

വിദേശവാസം ലക്ഷ്യമിട്ടുള്ള യാത്ര: ജോലി ലഭിച്ചോ, ഉപരിപഠനത്തിനായോ, ബിസിനസ്സ് ആവശ്യത്തിനായോ വിദേശത്തേക്ക് താമസം മാറുകയാണെങ്കിൽ പോകുന്ന ദിവസം മുതൽ തന്നെ നിങ്ങൾ എൻ.ആർ.ഐ ആയി കണക്കാക്കപ്പെടും. 182 ദിവസം തികയുന്നത് വരെ കാത്തിരിക്കേണ്ടതില്ല.

നിയമം ലംഘിച്ചാലുള്ള പിഴകൾ (FEMA Section 13)

  1. സാധാരണ അക്കൗണ്ട് എൻ.ആർ.ഒ ആക്കി മാറ്റാതിരുന്നാൽ നേരിടേണ്ടി വരുന്ന ശിക്ഷകൾ നിസാരമല്ല:
  2. അക്കൗണ്ടിലുള്ള ബാലൻസ് തുകയുടെ മൂന്നിരട്ടി വരെ പിഴയായി ഈടാക്കാം.
  3. തുക കണക്കാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ₹2 ലക്ഷം രൂപ പിഴയായി നൽകേണ്ടി വരും.
  4. നിയമലംഘനം തുടരുന്ന ഓരോ ദിവസവും ₹5,000 വീതം അധിക പിഴ ഈടാക്കും.
  5. ബാങ്ക് അധികൃതർക്ക് വിവരങ്ങൾ ലഭ്യമായാൽ മുന്നറിയിപ്പില്ലാതെ നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കാൻ (Freeze) സാധിക്കും.

എന്താണ് എൻ.ആർ.ഒ (NRO) അക്കൗണ്ട്?

വിദേശ മലയാളികൾക്ക് ഇന്ത്യയിലുള്ള വരുമാനങ്ങൾ (വാടക, ഡിവിഡന്റ്, പെൻഷൻ തുടങ്ങിയവ) കൈകാര്യം ചെയ്യാനുള്ള അക്കൗണ്ടാണിത്. നിങ്ങളുടെ പഴയ അക്കൗണ്ട് നമ്പർ മാറ്റാതെ തന്നെ എൻ.ആർ.ഒ അക്കൗണ്ടാക്കി പുനർവർഗ്ഗീകരിക്കാൻ (Reclassification) സാധിക്കും. സേവിങ്സ് അക്കൗണ്ടുകൾക്കൊപ്പം നിങ്ങളുടെ ഫിക്സഡ് ഡെപ്പോസിറ്റുകളും (FD) എൻ.ആർ.ഒ ആക്കി മാറ്റേണ്ടതുണ്ട്.

അക്കൗണ്ട് മാറ്റാൻ ആവശ്യമായ രേഖകൾ

നിങ്ങളുടെ ബാങ്കിന്റെ മൊബൈൽ ആപ്പ് വഴിയോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ നേരിട്ടോ താഴെ പറയുന്ന രേഖകൾ നൽകി അക്കൗണ്ട് മാറ്റാം:

  1. പാസ്പോർട്ട്, ആധാർ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി.
  2. പാൻ കാർഡ് (PAN Card).
  3. വിദേശത്തെ വിലാസം തെളിയിക്കുന്ന രേഖകൾ.
  4. FATCA/CRS ഡിക്ലറേഷൻ ഫോം.
  5. റീ-കെവൈസി (Re-KYC) നടപടികൾക്കായി ഫോട്ടോകൾ

തെറ്റിദ്ധാരണകൾ ഒഴിവാക്കുക

നിങ്ങൾ വിദേശത്തെത്തിയ ദിവസം മുതൽ നിയമം ബാധകമാണ്.അക്കൗണ്ടിൽ കുറഞ്ഞ തുകയേ ഉള്ളൂ എങ്കിലും പ്രതിദിന പിഴ ബാധകമായിരിക്കും. ബാങ്കുകാർ നിങ്ങളെ ഇങ്ങോട്ട് വിളിച്ചു പറയണമെന്ന് നിയമമില്ല. നിയമം പാലിക്കേണ്ട ഉത്തരവാദിത്തം അക്കൗണ്ട് ഉടമയ്ക്കാണ്.

ചെയ്യേണ്ടത്: നിങ്ങൾ വിദേശത്തേക്ക് പോകുകയാണെങ്കിൽ ഉടൻ തന്നെ ബാങ്കിനെ വിവരമറിയിച്ച് അക്കൗണ്ടുകൾ മാറ്റുക. നടപടിക്രമങ്ങൾ പൂർത്തിയായതിന്റെ രേഖകൾ കൈവശം വെക്കുന്നത് ഭാവിയിൽ നിയമപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.