ഇസ്രായേൽ സൈന്യത്തിലെ നിരീക്ഷണ ഉദ്യോഗസ്ഥയായ നോവ മാർസിയാനോയെ കൊലപ്പെടുത്തിയ ഹമാസ് തീവ്രവാദിയായ മുഹമ്മദ് ഇസ്സാം ഹസ്സൻ അൽ-ഹബീലിനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഗാസയിൽ നടന്ന വ്യോമാക്രമണത്തിലാണ് അൽ-ഹബീലിയെ വധിച്ചത്. നോവ മാർസിയാനോയെ കൊലപ്പെടുത്തിയ കേസിൽ അൽ-ഹബീലിനെ സൈന്യം തിരയുകയായിരുന്നു.

കഴിഞ്ഞ ദിവസം വെടിനിർത്തൽ കരാർ ലംഘിച്ച് വടക്കൻ ഗാസയിൽ ഇസ്രായേൽ സൈനികർക്കു നേരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് അൽ-ഹാബിൽ ഉൾപ്പെടെയുള്ള ഒരുകൂട്ടം തീവ്രവാദികൾക്കു നേരെ ഐഡിഎഫ് പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇതിൽ ഗാസ സിറ്റിയിലെ ഷാത്തി അഭയാർഥി ക്യാമ്പിനു നേരെ നടന്ന വ്യോമാക്രമണത്തിലാണ് ഹമാസ് സെൽ കമാൻഡറായ അൽ-ഹാബിൽ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.

“കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന വെടിനിർത്തൽ കരാർ ലംഘനത്തിനു മറുപടിയായി, ഐഡിഎഫ് ഹമാസ് തീവ്രവാദ സെല്ലിന്റെ തലവനായ മുഹമ്മദ് ഇസ്സാം ഹസ്സൻ അൽ-ഹാബിലിനെ ആക്രമിച്ചു കൊലപ്പെടുത്തി” – ഐഡിഎഫ് സ്ഥിരീകരിച്ചു. ഗാസ ഡിവിഷൻ ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് കൂട്ടിച്ചേർത്തു.

ഗാസയിൽ 414-ാമത് കോംബാറ്റ് ഇന്റലിജൻസ് കളക്ഷൻ യൂണിറ്റിന്റെ ഭാഗമായി മാർസിയാനോ ഒരു നിരീക്ഷണസൈനികയായി സേവനമനുഷ്ഠിച്ചിരുന്നു. 2023 ഒക്ടോബർ ഏഴിന് മാർസിയാനോയെ നഹൽ ഓസ് ബേസിൽ നിന്ന് ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോവുകയും പിന്നീട് ഷിഫ ആശുപത്രിയിൽ വച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് നവംബറിലാണ് ഐഡിഎഫ് അവരുടെ മൃതദേഹം കണ്ടെടുത്തത്.