കണ്ണൂർ: നരേന്ദ്ര മോദിക്ക് കള്ളവാഗ്ദാനങ്ങൾ നൽകാൻ പരിശീലനം നൽകിയ കനഗോലുവാണ് കേരളത്തിൽ കോൺഗ്രസിനെ പരിശീലിപ്പിക്കുന്നതെന്നും അതുകൊണ്ട് പല വാഗ്ദാനങ്ങളും തെരഞ്ഞെടുപ്പിൽ പ്രഖ്യാപിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സിപിഎമ്മുമായി എസ്ഡിപിഐക്ക് നീക്കുപോക്കില്ലെന്നും കേരളത്തിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ദീപികയ്ക്ക് അനുവദിച്ച പ്രത്യേഖ അഭിമുഖത്തിൽ ബേബി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിൽ ഇപ്പോൾ രണ്ടു സ്ഥലത്താണ് സിപിഎമ്മു കൂടി ഉൾപ്പെട്ട രാഷ്ട്രീയ സംവിധാനം ഭരണത്തിലുള്ളത്. കേരളത്തിൽ എൽഡിഎഫും തമിഴ്നാട്ടിൽ ഡിഎംകെയും വീണ്ടും വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെയൊരു ശുഭാപ്തി വിശ്വാസമുണ്ട്. ബംഗാളിൽ പ്രത്യേക സാഹചര്യമാണ്. തൃണമൂൽ കോൺഗ്രസും ബിജെപിയുമാണ് അവിടെ മുഖ്യകക്ഷികൾ. ജനങ്ങളെ സംബന്ധിച്ചടത്തോളം അവ രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല. ജനദ്രോഹനയമാണ് തൃണമൂൽ പിന്തുടരുന്നത്. വർഗീയ സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. കോൺഗ്രസ് പാർട്ടി അവിടെ വളരെ ദുർബലമാണ്. മുമ്പ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും കോൺഗ്രസും ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ, ഏകപക്ഷീയമായി 294 സീറ്റിൽ മത്സരിക്കാൻ പോകുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും ഇടതുപക്ഷം അതിന്റെ സ്വാധീനം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി മൂന്നാം ഊഴത്തിലേക്ക് ജനങ്ങളുടെ പിന്തുണയോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസാമിലും ബിജെപി വിരുദ്ധ ചേരിക്കെതിരേ സിപിഎം മത്സരിക്കുന്നുണ്ട്.
? കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, 3000 രൂപ ക്ഷേമപെൻഷൻ ഉൾപ്പെടെയാണ് രാഹുൽ ഗാന്ധി കേരളത്തിൽ പ്രഖ്യാപിച്ചത്
കേരളത്തിൽ ഇത്തരം വാഗ്ദാനങ്ങൾ നൽകുമ്പോൾ ജനങ്ങൾ ചിരിക്കും. 32 ലക്ഷം പേർക്ക് 600 രൂപ വീതം നൽകേണ്ട പെൻഷൻ 18 മാസം കുടിശികയാക്കിയത് ഏറ്റവും അവസാനം ഭരണത്തിലുണ്ടായിരുന്ന യുഡിഎഫ് സർക്കാരാണ്. എന്നാൽ, അന്ന് 32 ലക്ഷം പേർക്ക് മാത്രം കൊടുത്ത പെൻഷൻ ഇന്ന് 62 ലക്ഷം പേർക്ക് 2000 രൂപ വീതം കൊടുക്കുകയാണ് എൽഡിഎഫ്. ഇപ്പോൾ 3000 രൂപ നൽകുമെന്ന വാഗ്ദാനം ഓർമിപ്പിക്കുന്നത് നരേന്ദ്ര മോദിയെയാണ്.
നരേന്ദ്ര മോദി വന്നുകഴിഞ്ഞാൽ വിദേശത്ത് നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയിൽ നിന്ന് വെട്ടിച്ചു കൊണ്ടുപോയിരിക്കുന്ന കള്ളപ്പണം ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നാണ് പറഞ്ഞത്. ഇതിനു സമാനമാണ് കോൺഗ്രസിന്റെ വാഗ്ദാനം. സമാനമായത് യാദൃച്ഛികമല്ല. നരേന്ദ്ര മോദിക്ക് ഇത്തരത്തിലുള്ള കള്ള വാഗ്ദാനങ്ങൾ നൽകാൻ പരിശീലനം നൽകിയ കനഗോലുവാണ് ഇപ്പോൾ കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അതുപോലെ രാഹുൽ ഗാന്ധിക്കും ഉപദേശം കൊടുക്കുന്നത്. ഈ കരാറുകാരനെ രാഷ്ട്രീയ പ്രചരണം ഏൽപിച്ചാൽ ഇത്തരത്തിലുള്ള അബദ്ധങ്ങൾ ഉണ്ടാകും.
? കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ വർഗീയകലാപം ഉണ്ടായിട്ടില്ലെങ്കിലും വർഗീയ ചേരിതിരിവ് ഉണ്ടായിട്ടുണ്ടോ
കേരളത്തിൽ 10 വർഷം വർഗീയ ലഹള നടക്കാതിരുന്നത് വർഗീയവാദികൾ കേരളത്തിൽ ഇല്ലാത്തതുകൊണ്ടല്ല. വർഗീയ വാദികൾ കേരളത്തിലുണ്ട്. വർഗീയ വിഭജനം നടത്താനും അവർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, അവർക്ക് തലപൊക്കാൻ പറ്റാത്ത വിധത്തിൽ ശക്തമായ മതേതരത്വ മതനിരപേക്ഷ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സർക്കാർ കേരളത്തിനുണ്ട്. എന്നാൽ വർഗീയ ബോധത്തിൽ നിന്നും കേരളത്തെ മുഴുവൻ ജനങ്ങളെയും രക്ഷിക്കാൻ ഇനിയും പരിശ്രമിക്കേണ്ടതുണ്ട്. ആ പരിശ്രമമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.
? എസ്ഡിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുമായി നീക്കുപോക്കുണ്ടോ
സിപിഎമ്മുമായി എസ്ഡിപിഐക്ക് നീക്കുപോക്കില്ല. ഇവരുടെ പ്രവർത്തനശൈലിയും ജനാധിപത്യ രാഷ്ട്രീയവും സിപിഎം നയങ്ങൾക്ക് അനുകൂലമല്ല. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളാണ്. അവർക്ക് ഈ നിലപാട് ഇല്ലെന്ന് തുറന്നുപറയാൻ തയാറാകണം. പിഡിപി സ്വമേധയാ പിന്തുണ തന്നതാണ്. അത് അവരുടെ സ്വാതന്ത്ര്യമാണ്. വർഗീയ നിലപാട് ഒരുഘട്ടത്തിൽ അവർ സ്വീകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അവർക്ക് ആ നിലപാടില്ല.
? കോൺഗ്രസ് ഉയർത്തുന്ന ബിജെപി-സിപിഎം ഡീൽ
തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ, വർഗീയത തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്. എന്നാൽ, ഇതൊക്കെ വഴി തെറ്റിച്ചുവിടാനാണ് കോൺഗ്രസ് ഡീൽ വിഷയം ചർച്ച ചെയ്യുന്നത്. ഡീൽ വിഷയത്തിലൂടെ കോൺഗ്രസ് മതേതര മനസുള്ള കേരളത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ സംശയം ജനിപ്പിക്കുന്നു. ഡീൽ വിഷയത്തിൽ ആരോപണങ്ങൾക്കുള്ള മറുപടി മാത്രമാണ് സിപിഎം പറയുന്നത്. ഇനി ഡീൽ വിഷയത്തിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകില്ല. വികസനകാര്യങ്ങൾ മാത്രമായിരിക്കും പ്രചാരണവിഷയം.
? കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടോ
കേരളത്തിൽ നിയമസഭയിലും ലോക്സഭയിലും ബിജെപിക്ക് സീറ്റ് കിട്ടിയത് കോൺഗ്രസിന്റെ പിന്തുണയോടുകൂടിയാണ്. ഇത് വ്യക്തമാക്കുന്നത് കോൺഗ്രസ്-ബിജെപി ഡീലാണ്. ഇന്ത്യയിൽ ബിജെപിയുമായി മിക്ക സംസ്ഥാനങ്ങളിലും ഡീലിൽ ഏർപ്പെട്ടിരിക്കുന്നത് കോൺഗ്രസാണ്. ബിജെപിയുടെ ലേബർ കോഡിനെ പാർലമെന്റിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ എതിർത്തപ്പോൾ കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ ലേബർ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുകയാണ്.
ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ചില കോൺഗ്രസ് നേതാക്കൾ ഇസ്രയേലിന് അനുകൂലമായ നിലപാട് സ്വീകരിച്ച് ബിജെപി സർക്കാരിന് പിന്തുണ നല്കുന്നു. പല ദിശയിലാണ് കോൺഗ്രസിന്റെ അഭിപ്രായങ്ങൾ പോകുന്നത്. എന്നാൽ, സിപിഎമ്മിന് ഒരു നയമാണുള്ളത്.
? സിപിഎം നേതാക്കൾ യുഡിഎഫ് സ്വതന്ത്രരായി മത്സരിക്കുന്പോൾ
സ്ഥാനമാനങ്ങൾക്ക് വേണ്ടി തൊഴിലാളിവർഗ രാഷ്ട്രീയത്തെ വഞ്ചിച്ചാണ് തങ്ങളെ അരുംകൊല ചെയ്തവരുടെ പ്രസ്ഥാനത്തിലേക്ക് ഇവർ പോകുന്നത്. നാലോ അഞ്ചോ പേർ മാത്രമാണ് സ്ഥാനമാനങ്ങൾക്ക് വേണ്ടി പോകുന്നത്. 99.99 ശതമാനം പേർ ഈ പാർട്ടിയിൽ ഇപ്പോഴും ഉണ്ട്. പാർട്ടിക്കുള്ളിൽ തൊഴിലാളിവർഗ വിരുദ്ധമായ മോഹങ്ങൾ ചിലരിൽ വരുന്നുണ്ട്. അവരെ പാർട്ടി തിരുത്തുന്നുമുണ്ട്. തെരഞ്ഞെടുപ്പ് വരുന്പോൾ മാത്രമാണ് സ്ഥാനമോഹികൾ സിപിഎമ്മിൽ നിന്നും പോകുന്നത്.



