കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ 10നാണ് വിധി പറയുക. രഞ്ജിത്തിന് വോട്ട് ചെയ്യണമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ് ഇടക്കാല ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നു. സ്വാഭാവിക ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണ് ഇടക്കാല ജാമ്യം തടഞ്ഞത്.

ഒരു പ്രതിയെ സംബന്ധിച്ച് വോട്ട് ചെയ്യുക എന്നത് മൗലികാവകാശമല്ല. ജയിലിലുള്ള പ്രതിക്ക് വോട്ട് ചെയ്യാൻ അധികാരമില്ല. രഞ്ജിത്തിന് കോടതി നിർദേശ പ്രകാരം പോലീസ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. അതിനാൽ ഈ രണ്ടു കാര്യങ്ങൾ പറഞ്ഞ് ഇടക്കാല ജാമ്യം അനുവദിക്കുന്നത് പ്രോസിക്യൂഷൻ എതിർത്തു. ഈ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യാപേക്ഷ തന്നെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥൻ നിലവിൽ തെരഞ്ഞെടുപ്പിന്‍റെ തിരക്കിൽ ആയതിനാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. തനിക്ക് എതിരെ എത്തിയത് വ്യാജ പരാതിയാണെന്നും അഭിനയത്തെ വിമർശിച്ചതിനെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് പിന്നിലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.