തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിനൊപ്പം ചേരില്ലെന്ന് നടൻ വിജയ്‌യുടെ പാർട്ടി ടിവികെ. എടപ്പാടി പളനിസ്വാമി നയിച്ച പൊതുയോഗത്തിൽ അണ്ണാ ഡിഎംകെ, ബിജെപി കൊടികൾക്കൊപ്പം ടിവികെയുടെ പതാകകളും വീശിയതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിൻ്റെ വിശദീകരണം. ഇപിഎസിൻ്റെ റാലിയിൽ ടിവികെ പതാകകൾ വീശിയത് അണ്ണാ ഡിഎംകെ പ്രവർത്തകരാണെന്നും ടിവികെ നേതൃത്വം പറഞ്ഞു. അതേസമയം നടൻ വിജയ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യോഗത്തിൽ ടിവികെ പതാകകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ടിവികെയും എൻഡിഎ സഖ്യത്തിൽ ചേരുന്നതിൻ്റെ പ്രവർത്തനം ഇതിനോടകം തുടങ്ങിയെന്ന് എടപ്പാടി പളനിസ്വാമി പ്രസംഗിച്ചിരുന്നു. വിപ്ലവത്തിൻ്റെ മാറ്റൊലി നിങ്ങളുടെ കാതുകൾ നിറയ്ക്കും എന്നായിരുന്നു ഡിഎംകെ തലവനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനുള്ള മുന്നറിയിപ്പായി എടപ്പാടി പളനിസ്വാമി പറഞ്ഞത്. അനിവാര്യമായ സഖ്യത്തിലൂടെ അണ്ണാ ഡിഎംകെ വീണ്ടും ശക്തിയായി തിരിച്ചുവരുമെന്ന് പറഞ്ഞ അദ്ദേഹം, സഖ്യകക്ഷികളെ ആശ്രയിച്ചാണ് ഡിഎംകെ മുന്നോട്ട് പോകുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.
കരൂർ ദുരന്തത്തിൻ്റെ പിന്നാലെ വിജയുമായി അരമണിക്കൂറോളം ഇപിഎസ് ഫോണിൽ സംസാരിച്ചിരുന്നു. ഇതിൻ്റെ കൂടെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ തുടർച്ചയായ മൂന്നാം ഊഴം ലക്ഷ്യമിടുന്ന സ്റ്റാലിൻ സർക്കാരിന് കനത്ത വെല്ലുവിളിയാകാൻ പ്രതിപക്ഷ സഖ്യത്തിന് സാധിക്കുമെന്നാണ് കരുതിയത്. ടിവികെ സഖ്യത്തിൻ്റെ ഭാഗമല്ലെന്ന വിശദീകരണം വന്നെങ്കിലും സഖ്യ ചർച്ചകൾ സംബന്ധിച്ച നേതൃത്വം പ്രതികരിച്ചിട്ടില്ല.