ദ്രാവിഡ ഭാഷയ്ക്കും സംസ്കാരത്തിനും വിലയേറിയ സംഭാവനകൾ നൽകിയ ഞാറ്റ്യേല ശ്രീധരൻ വിട പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച അർധരാത്രിയായിരുന്നു അന്ത്യം.
82-ാം വയസ്സിലാണ് അദ്ദേഹം പ്രസിദ്ധമായ ചതുർഭാഷാ നിഘണ്ടു തയ്യാറാക്കിയത്. സീനിയർ സിറ്റിസൺസ് ഫോറം വയലളം യൂണിറ്റ് പ്രസിഡൻ്റായിരിക്കുമ്പോഴാണ് ഈ നിഘണ്ടു പ്രസിദ്ധീകരിച്ചത്. ഒരു ലക്ഷത്തിലധികം വാക്കുകളുണ്ടായിരുന്ന നിഘണ്ടുവിൽ 860 പേജുകളാണുണ്ടായിരുന്നത്.
മലയാളത്തിലെ ഓരോ വാക്കിനും സമാനമായ കന്നഡ, തമിഴ്, തെലുങ്ക് വാക്കുകൾ അതിൽ ഉൾപ്പെടുത്തിയിരുന്നു. 2023 മെയ് 19-ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ‘ചതുർഭാഷാ ദ്രാവിഡ ഭാഷാ പദപരിചയം’ എന്ന പേരിൽ ഇതിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു.
ഇതിനുശേഷം മലയാളം-കന്നഡ, മലയാളം-തെലുങ്ക് നിഘണ്ടുക്കൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം തുടങ്ങിയിരുന്നു. പ്രസാധകരെ ലഭിക്കാതെ വന്നപ്പോൾ സീനിയർ സിറ്റിസൺസ് ഫോറം നാല് ലക്ഷം രൂപ ചെലവഴിച്ച് 500 കോപ്പികൾ പ്രസിദ്ധീകരിക്കാൻ സഹായിച്ചു.
ചെറുപ്പത്തിൽ ബീഡിത്തൊഴിലാളിയായി ജീവിതം തുടങ്ങിയ ശ്രീധരൻ പിന്നീട് ജലസേചന വകുപ്പിൽ ജീവനക്കാരനായി. പാലക്കാട് കൽപ്പാത്തിയിൽ താമസിക്കുമ്പോഴാണ് തമിഴ് പഠിക്കുന്നത്. ഡോ. ടി.പി. സുകുമാരൻ്റെ നിർദേശമാണ് മറ്റ് രണ്ട് ദ്രാവിഡ ഭാഷകൾ പഠിച്ച് ചതുർഭാഷാ നിഘണ്ടു തയ്യാറാക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്.
ജലസേചന വകുപ്പിൽ ജോലി ചെയ്തിരുന്ന കന്നഡ സംസാരിക്കുന്ന ഗോവിന്ദനായ്ക്ക്, എഴുത്തുകാരൻ സി. രാഘവൻ എന്നിവരുടെ സഹായത്തോടെ കന്നഡയും കരിമ്പം ഫാമിൽ ജോലി ചെയ്തിരുന്ന ആന്ധ്രാക്കാരുടെ സഹായത്തോടെ തെലുങ്കും പഠിച്ചു. നെല്ലൂരിൽ പോയി താമസിച്ചും കൂടുതൽ അറിവ് നേടി. 1994-ൽ ജലസേചന വകുപ്പിൽനിന്ന് വിരമിച്ചതോടെ മുഴുവൻ സമയവും നിഘണ്ടു നിർമ്മാണത്തിനായി മാറ്റിവെച്ചു.
പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) കണ്ണൂർ താലൂക്ക് പ്രസിഡൻ്റും എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. ഡോ. ടി.പി. സുകുമാരൻ മാസ്റ്റർ അവാർഡ്, ഗുണ്ടർട്ട് അവാർഡ്, ഇന്ത്യാ റീഡിങ് ഒളിമ്പ്യാഡ് പ്രത്യേക ജൂറി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.