മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ജൂൺ 23ന് തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. രാവിലെ 7:30ന് സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ സ്‌ട്രോങ് റൂം തുറക്കും. തുടർന്ന് 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 75.27 ശതമാനം പോളിങ്ങായിരുന്നു ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

14 ടേബിളുകളിലായി 19 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും. പോസ്റ്റൽ ബാലറ്റുകൾ, ഇടിബിഎസ് ഉൾപ്പെടെ, എണ്ണുന്നതിനായി 5 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റൽ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകളും എണ്ണും. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികൾ/ഏജൻ്റുമാരുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുക.