നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം ഇന്നറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. വൈകീട്ട് 3 മണി വരെയാണ് പിൻവലിക്കാനുള്ള സമയം. സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നവും ഇന്നറിയാം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 14 സ്ഥാനാർത്ഥികളാണ് നിലവിലുള്ളത്. ഇതിൽ എത്ര പേർ പത്രിക പിൻവലിക്കും എന്ന് കണ്ടറിയാം.
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.വി അൻവർ പത്രിക പിൻവലിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പത്രിക സമർപ്പണത്തിന് ശേഷം അൻവർ ഇതുവരെ പരസ്യ പ്രചാരണം ആരംഭിച്ചിട്ടില്ല. എന്നാൽ ബലിപെരുന്നാളിന് ശേഷം പ്രചാരണം തുടങ്ങുമെന്നാണ് അൻവർ പറയുന്നത്.
അതേസമയം, മണ്ഡലത്തിൽ സ്ഥാനാർഥികൾ രണ്ടാം ഘട്ട പ്രചാരണം സജീവമാക്കി.യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് എടക്കര ,കരുളായി പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. മൂത്തേടം പഞ്ചായത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്റെ പര്യടനം. എൻ.ഡി. എ സ്ഥാനാർത്ഥിയുടെ പര്യടനത്തിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇന്ന് മണ്ഡലത്തിലെത്തുന്നുണ്ട്.