ഫെബ്രുവരി ആറിന് നൈജീരിയയിലെ ബെനു സ്റ്റേറ്റിലെ ഒരു കമ്മ്യൂണിറ്റി മാർക്കറ്റിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഗ്രാമപ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.

ക്വാണ്ടെ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എംബൈക്യോറിലെ അൻവാസെ മാർക്കറ്റ് ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. അക്രമികൾ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും സ്റ്റാളുകൾക്ക് തീയിടുകയും ചെയ്തു. മാർക്കറ്റിൽ ഏറ്റവും തിരക്കേറിയ സമയത്താണ് ആക്രമണം ഉണ്ടായത്. ആകാശത്തേക്ക് വെടിയുതിർത്ത ശേഷം മാർക്കറ്റിന്റെ ചിലയിടങ്ങളിൽ അക്രമികൾ തീയിടുകയായിരുന്നു.

അബാൻഡെ കമ്മ്യൂണിറ്റിയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ കുറഞ്ഞത് 17 പേർ കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിനു ശേഷമാണ് ഈ സംഭവം. ഇത് മേഖലയിലെ അരക്ഷിതാവസ്ഥ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. സുരക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കാനും ഗ്രാമീണ ജനവാസകേന്ദ്രങ്ങളെ ആവർത്തിച്ചുള്ള അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനും പ്രദേശവാസികൾ സംസ്ഥാന-ഫെഡറൽ അധികാരികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു.

ഫെബ്രുവരി മൂന്നിന് ക്വാറ സംസ്ഥാനത്തെ രണ്ട് ഗ്രാമങ്ങളിൽ സായുധസംഘങ്ങൾ നടത്തിയ ആക്രമണത്തിൽ നിരവധി പേരെ അടുത്തുനിന്ന് വെടിവച്ചതായും വീടുകളും കടകളും കത്തിച്ചതായും താമസക്കാർ ചുറ്റുമുള്ള കുറ്റിക്കാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്.

നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ, വടക്കൻ മധ്യ മേഖലകളിൽ വർധിച്ചുവരുന്ന ആക്രമണങ്ങൾ മാനുഷികപ്രതിസന്ധിക്കു കാരണമായിട്ടുണ്ട്. അതേസമയം, വർധിച്ചുവരുന്ന അക്രമങ്ങൾ കൂട്ട കുടിയിറക്കത്തിനും പട്ടിണിയും പോഷകാഹാരക്കുറവും വർധിപ്പിക്കുന്നതിനും ഇടയാക്കി.