ഓസ്കാർ പുരസ്കാര വേദിയിലെ തിളക്കത്തിനും തിരക്കുകൾക്കും ഇടയിലും തന്നെ നയിക്കുന്നത് ലളിതമായ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് നടി നിക്കോൾ കിഡ്‌മാൻ. അവാർഡ് നിശയ്ക്ക് മുന്നോടിയായി ബെവർലി ഹിൽസിൽ നടന്ന ചടങ്ങിലാണ് തന്റെ ഞായറാഴ്ചാ ദിനചര്യയെക്കുറിച്ച് താരം മനസ്സ് തുറന്നത്.
ലോകം മുഴുവൻ ഉറ്റുനോക്കുന്ന റെഡ് കാർപെറ്റ് എൻട്രിക്കും തയ്യാറെടുപ്പുകൾക്കും മുൻപായി ഞായറാഴ്ച രാവിലെ പള്ളിയിൽ പോകുന്നതാണ് തന്റെ പതിവെന്ന് കിഡ്‌മാൻ പറഞ്ഞു. “എത്ര തിരക്കിനിടയിലും ഞാൻ ഞായറാഴ്ച രാവിലെ പള്ളിയിൽ പോകും. അത് എന്നെ മാനസികമായി ശാന്തമാക്കാൻ സഹായിക്കുന്നു” – താരം വ്യക്തമാക്കി.
ഗ്ലാമർ ലോകത്തെ സമ്മർദ്ദങ്ങൾക്കിടയിൽ ആത്മീയമായ ഈ നിശബ്ദതയാണ് തനിക്ക് കരുത്ത് നൽകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. കത്തോലിക്കാ വിശ്വാസിയായ കിഡ്‌മാൻ തന്റെ തിരക്കേറിയ ജീവിതത്തിൽ പ്രാർഥനയ്ക്കും വിശ്വാസത്തിനും നൽകുന്ന പ്രാധാന്യം വലിയ ചർച്ചയായിരിക്കുകയാണ്. ലോകപ്രശസ്തമായ ഒരു പുരസ്കാര വേദിയിലേക്ക് എത്തുന്നതിന് മുൻപ് സാധാരണക്കാരിയെപ്പോലെ പള്ളിയിൽ പോയി പ്രാർഥിക്കുന്ന കിഡ്‌മാന്റെ രീതിയെ ആരാധകർ പ്രശംസയോടെയാണ് നോക്കിക്കാണുന്നത്.



