ഈ വർഷാവസാനത്തോടെ വിരമിച്ചേക്കുമെന്ന് പ്രഖ്യാപിച്ച് ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ. ബ്രസീലിയൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ലോകകപ്പാണ് തന്റെ ആഗ്രഹമെന്നും തനിക്കും ബ്രസീൽ ടീമിനും ഈ വർഷം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്താണ് ഭാവിയിൽ സംഭവിക്കുക എന്നറിയില്ല. ഓരോ വർഷവും അളന്നാണ് ഇപ്പോൾ ജീവിക്കുന്നത്. ഈ ഡിസംബറിൽ വിരമിച്ചേക്കാം’, നെയ്മർ വ്യക്തമാക്കി. ജൂണിൽ അരങ്ങേറുന്ന ലോകകപ്പിൽ ബ്രസീലിനായി കളിക്കുക എന്നതാണ് ഈ മുപ്പത്തിനാലുകാരന്റെ പ്രധാന ലക്ഷ്യം.

പരിക്ക് കാരണം അവസാന സീസണുകളിൽ ഭൂരിഭാഗം മത്സരങ്ങളിലും ബ്രസീൽ മുന്നേറ്റക്കാരന് പുറത്തിരിക്കേണ്ടി വന്നിരുന്നു. സാൻ്റോസ് ഫുട്ബോൾ ക്ലബിനായി 2026 ഫെബ്രുവരി പകുതിയോടെ അദ്ദേഹം കളത്തിലിറങ്ങിയിരുന്നു. ഈ സീസണിലെ താരത്തിന്റെ ആദ്യ മത്സരമായിരുന്നു അത്. 2023 ഒക്ടോബറിൽ ഉറുഗ്വേക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തായശേഷം അദ്ദേഹം ബ്രസീലിനായി ബൂട്ടണിഞ്ഞിട്ടില്ല.

ജൂണിൽ അരങ്ങേറുന്ന ലോകകപ്പാണ് ലക്ഷ്യമെന്ന് നെയ്മർ പ്രഖ്യാപിച്ചിരുന്നു. ശാരീരികക്ഷമത തെളിയിച്ചാൽ ഉറപ്പായും താരം ടീമിലുണ്ടാകുമെന്ന് പരിശീലകൻ കാർലോ ആൻസെലോട്ടി അറിയിക്കുകയും ചെയ്തു.  ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് അദ്ദേഹം. 128 മത്സരത്തിൽ 79 ഗോളുണ്ട്. കഴിഞ്ഞ മൂന്ന് ലോകകപ്പിലും കളിച്ചിരുന്നു. 13 കളിയിൽ എട്ട് ഗോളാണ് സമ്പാദ്യം. 2014ലും 2022ലും അദ്ദേഹത്തെ പരിക്ക് ബാധിച്ചിരുന്നു.