കൊച്ചി: കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി എറണാകുളം സെന്‍ട്രല്‍ പോലീസ്. കഴിഞ്ഞ ഫെബ്രുവരി 24ന് വൈകിട്ടായിരുന്നു എറണാകുളം മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് സമീപത്തായി എട്ടു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്.
ഇതിലൂടെ കടന്നു പോയ വിദ്യാര്‍ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി മൃതദേഹം കരയിലെത്തിച്ചു. ചൊവ്വാഴ്ച കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
അതേസമയം, ഈ കുട്ടിയെ ആരാണ് ഉപേക്ഷിച്ചതെന്നോ ആരുടെ കുട്ടിയാണെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുഞ്ഞിനെക്കുറിച്ചോ മാതാവിനെക്കുറിച്ചോ കുട്ടിയെ ഉപേക്ഷിക്കാന്‍ സാധ്യതയുള്ള ആരെയെങ്കിലും കുറിച്ചോ സംശയമുണ്ടെങ്കില്‍ 0484 3294500, 9497987103, 9847007761 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.



