വിവാഹം ഒരാളുടെ ആരോഗ്യത്തെ സ്വാധീനിക്കുമോ? പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് അതെ എന്നാണ്. ഒരിക്കൽ പോലും വിവാഹിതരാകാത്തവർക്ക്, വിവാഹിതരെ അപേക്ഷിച്ച് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ‘കാൻസർ റിസർച്ച് കമ്മ്യൂണിക്കേഷൻസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നത്. വിവാഹിതരായ പുരുഷന്മാരേക്കാൾ 68 ശതമാനം കൂടുതൽ കാൻസർ നിരക്ക് അവിവാഹിതരായ പുരുഷന്മാരിൽ കണ്ടെത്തി. സ്ത്രീകളുടെ കാര്യത്തിൽ ഈ വ്യത്യാസം അതിലും കൂടുതലാണ്; ഒരിക്കലും വിവാഹം കഴിക്കാത്ത സ്ത്രീകളിൽ കാൻസർ സാധ്യത 83 ശതമാനം വരെ കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
യൂണിവേഴ്സിറ്റി ഓഫ് മിയാമി ഹെൽത്ത് സിസ്റ്റത്തിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. പൗലോ എസ്. പിൻഹീറോയുടെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്. ഒരിക്കൽ പോലും വിവാഹിതരാകാത്തവർക്ക് കാൻസർ രോഗനിർണ്ണയം നടത്താനുള്ള സാധ്യത കൂടുതലാണെന്ന് വലിയൊരു ജനവിഭാഗത്തിന്റെ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം അദ്ദേഹം കണ്ടെത്തി.



