മസ്‌കറ്റ്: ഒമാനിലെ സ്കൂളുകളുടെ മികവ് അളക്കാൻ സംവിധാനം വരുന്നു. രാജ്യത്തെ സ്‌കൂളുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള ദേശീയ ചട്ടക്കൂട് ഡിസംബര്‍ രണ്ടിന് ആരംഭിക്കുമെന്ന് ഒമാന്‍ അതോറിറ്റി ഫോര്‍ അക്കാദമിക് അക്രഡിറ്റേഷന്‍ ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് ഓഫ് എജ്യുക്കേഷന്‍ (ഒഎഎഎക്യുഎ) സിഇഒ ഡോ. ജോഖ അല്‍ ഷുക്കൈലി അറിയിച്ചു. കുറഞ്ഞ പെര്‍ഫോമന്‍സ് റേറ്റിംഗുള്ള സ്‌കൂളുകളെ മൂല്യനിര്‍ണ്ണയ ഫലങ്ങള്‍ അറിയിക്കുമെന്നും അവരുടെ നില മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണ നൽകുമെന്നും അവര്‍ പറഞ്ഞു.

സാംസ്‌കാരിക മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദിന്റെ സാന്നിധ്യത്തിൽ 2024 ഡിസംബര്‍ രണ്ടിന്, മസ്‌കറ്റിലെ കെമ്പിന്‍സ്‌കി ഹോട്ടലില്‍ വെച്ച് പുതിയ അക്കാദമിക മൂല്യനിർണയ സംവിധാനത്തിൻ്റെ പ്രഖ്യാപനം നിർവഹിക്കും.

റോയല്‍ ഡിക്രി നമ്പര്‍ 9/2021 പ്രകാരം രൂപീകൃതമായ ഒമാന്‍ അതോറിറ്റി ഫോര്‍ അക്കാദമിക് അക്രഡിറ്റേഷന്‍ ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് ഓഫ് എജ്യുക്കേഷൻ്റെ നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മൂല്യനിർണയ സംവിധാനം ആരംഭിക്കുന്നത്. ഒമാനിലെ സ്‌കൂളിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും അത് അന്താരാഷ്ട്ര നിലവാരം സ്ഥിരമായി പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവരുടെ സ്വന്തം ആന്തരിക ഗുണനിലവാര സംരക്ഷണ സംവിധാനങ്ങള്‍ ഏർപ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ നടപടി.