ഉത്തർപ്രദേശിലെ സഹാറൻപൂരിലെ നനൗട്ടയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നവജാത ശിശുവിന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ജീവൻ രക്ഷിച്ച ഡോക്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പ്രസവശേഷം ശ്വസിക്കാൻ ബുദ്ധിമുട്ടിയ കുഞ്ഞിനെയാണ് ഡോ. റൂമ തൻ്റെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തിങ്കളാഴ്ച ആണ് ദാദൻപൂർ സ്വദേശിനിയായ ആയിഷയെ പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിജയകരമായ പ്രസവത്തിന് പിന്നാലെ കുഞ്ഞ് കരയുകയോ ശ്വസിക്കുകയോ ചെയ്യാതിരുന്നത് ഡോക്ടർമാരെ ആശങ്കയിലാഴ്ത്തിയിരുന്നു. കുഞ്ഞിൻ്റെ നില അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഡോ. റൂമ ഒട്ടും വൈകാതെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ തീരുമാനിച്ചു. 

അനക്കമറ്റ കുഞ്ഞിൻ്റെ മുഖത്ത് നേർത്ത വെള്ളത്തുണി വിരിച്ച ശേഷം വായയോട് വായ ചേർത്ത് ശ്വാസം നൽകുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. നിരവധി തവണ ആവർത്തിച്ചുള്ള ശ്രമങ്ങൾക്കൊടുവിൽ കുഞ്ഞിൻ്റെ നെഞ്ചത്ത് അമർത്തിയും പുറത്ത് തട്ടിയും ഉണർത്താൻ ശ്രമിച്ചതോടെ കുഞ്ഞ് കരയുകയായിരുന്നു.

നവജാത ശിശുക്കളുടെ കാര്യത്തിൽ ജനനത്തിന് ശേഷമുള്ള ആദ്യ മിനിറ്റുകൾ വളരെ നിർണ്ണായകമാണെന്ന് മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നെങ്കിൽ യാത്രാമധ്യേ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും തൻ്റെ മുന്നിലുള്ള ഏക ലക്ഷ്യം കുഞ്ഞിനെ രക്ഷിക്കുക എന്നതായിരുന്നുവെന്നും ഡോ. റൂമ വ്യക്തമാക്കി. ‘അതൊരു വെല്ലുവിളി നിറഞ്ഞ നിമിഷമായിരുന്നു. കുഞ്ഞ് പ്രതികരിക്കുന്നത് വരെ ചികിത്സ തുടരാൻ ഞാൻ തീരുമാനിച്ചു’ എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രി ജീവനക്കാർ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടതോടെ ഡോ. റൂമയ്ക്ക് വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ജനനസമയത്ത് ശ്വാസമെടുക്കാൻ കുട്ടികളിലുണ്ടാകുന്ന ബുദ്ധിമുട്ട് ഇന്ത്യയിലെ നവജാത ശിശു മരണനിരക്കിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.