ബംഗ്ലാദേശിലെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ രൂപത പ്രഖ്യാപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. രാജ്യത്തെ ഒൻപതാമത്തെ രൂപതയായാണ് ഹബിഗഞ്ച് രൂപത നിലവിൽ വന്നത്. സിൽഹെറ്റ് അതിരൂപത വിഭജിച്ചാണ് പുതിയ രൂപത രൂപീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്രഥമ മെത്രാനായി ഫാ. തോമസ് റോസാരിയോയെ മാർപാപ്പ നിയമിച്ചു.
ബംഗ്ലാദേശിലെ ക്രൈസ്തവ ജനസംഖ്യയിലുണ്ടാകുന്ന വർധനവും അജപാലന സൗകര്യങ്ങളുടെ ആവശ്യകതയും പരിഗണിച്ചാണ് പുതിയ രൂപത സ്ഥാപിക്കാൻ വത്തിക്കാൻ തീരുമാനിച്ചത്. സിൽഹെറ്റ് മേഖലയിലെ വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ നീക്കം സഹായിക്കും. ഹബിഗഞ്ച് രൂപതയുടെ ആദ്യ മെത്രാനായി നിയമിതനായ ഫാ. തോമസ് റോസാരിയോ ദീർഘകാലമായി ബംഗ്ലാദേശിലെ വിവിധ മിഷനറി പ്രവർത്തനങ്ങളിൽ സജീവമാണ്. വിദ്യാഭ്യാസ, സാമൂഹിക സേവന രംഗങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഈ പുതിയ ദൗത്യം അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്.
ചായത്തോട്ടങ്ങൾക്കും ഗ്രാമീണ മേഖലകൾക്കും പേരുകേട്ട ഹബിഗഞ്ച് പ്രവിശ്യയിൽ വസിക്കുന്ന പിന്നോക്ക വിഭാഗങ്ങൾക്കും ആദിവാസി സമൂഹങ്ങൾക്കും സഭയുടെ സേവനങ്ങൾ ഇനി മുതൽ കൂടുതൽ കാര്യക്ഷമമായി ലഭിക്കും.



