വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിൽ പൊതുകാര്യങ്ങളുടെ ഉപദേഷ്ടാവായി നൈജീരിയൻ വൈദികനായ ഫാ. ആന്റണി ഒന്യെമുച്ചെ എക്‌പോയെ നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സെപ്റ്റംബറിൽ യുനെസ്കോയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി നിയമിതനായ ഫാ. റോബർട്ടോ കാംപിസിയുടെ പിൻഗാമിയായിട്ടാണ് ഫാ. ആന്റണി സ്ഥാനമേറ്റത്. വത്തിക്കാനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കത്തോലിക്കാ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം ഫാ. ആന്റണിക്കായിരിക്കും.

നൈജീരിയയിൽ ജനിച്ച ഫാ. ആന്റണി, 2016-ൽ വത്തിക്കാനിൽ സേവനം ആരംഭിച്ചു. 2016 മുതൽ 2023 വരെ ആറ് വർഷം വത്തിക്കാന്റെ ജനറൽ അഫയേഴ്‌സ് വിഭാഗത്തിൽ അദ്ദേഹം ജോലി ചെയ്തു. 2023-ൽ, ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ സമഗ്ര മനുഷ്യ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർസെക്രട്ടറിയായി നിയമിച്ചു.

2011-ൽ നൈജീരിയയിലെ ഉമുവാഹിയ രൂപതയ്ക്ക് വേണ്ടി ഫാ. ആന്റണി വൈദികനായി അഭിഷിക്തനായി. 2013-ൽ, ഓസ്‌ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിസ്റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റും, 2021-ൽ റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും നേടി. ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, നൈജീരിയൻ ഭാഷയായ ഇഗ്ബോ എന്നിവയിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.