ആംസ്റ്റർഡാം: വിദേശ രാജ്യങ്ങളിലെ ജോലിയും ജീവിതവും എങ്ങനെയുള്ളതാണ്? വെറും പണമുണ്ടാക്കൽ മാത്രമാണോ അതോ അതിനുമപ്പുറം ചിലതുണ്ടോ? ഇന്ത്യയിൽ നിന്ന് നെതർലൻഡ്‌സിലേക്ക് കുടിയേറിയ അനുജ് ശർമ്മ എന്ന പ്രൊഫഷണൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തൊഴിൽ സംസ്കാരവും ജീവിതരീതിയും ഒരാളുടെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റുന്നുവെന്ന് സ്വന്തം അനുഭവത്തിലൂടെ അനുജ് വ്യക്തമാക്കുന്നു. 

നെതർലൻഡ്‌സിലെ ജീവിതം തന്റെ സാമ്പത്തിക സുരക്ഷിതത്വവും സമാധാനവും വർദ്ധിപ്പിച്ചുവെന്ന് അനുജ് പറയുന്നു. വിദേശ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് പണം ലാഭിക്കാനുള്ള കഴിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “വാടകയും ഭക്ഷണവും യാത്രയും ഉൾപ്പെടെയുള്ള എല്ലാ ചിലവുകൾക്കും ശേഷവും ഓരോ മാസവും മാന്യമായ ഒരു തുക മിച്ചം പിടിക്കാൻ സാധിക്കുന്നുണ്ട്. നിങ്ങളുടെ സമ്പാദ്യം ഇവിടെ വേഗത്തിൽ വളരുന്നു. ഇത് ഭാവിയിന്മേൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.” – അനുജ് പറയുന്നു.

ഭാരതീയ തൊഴിൽ മേഖലയിൽ പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന ‘വർക്ക്-ലൈഫ് ബാലൻസ്’ നെതർലൻഡ്‌സിൽ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അവിടെ ജോലി ഒരിക്കലും വ്യക്തിജീവിതത്തെ പൂർണ്ണമായി വിഴുങ്ങുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൃത്യസമയത്ത് തന്നെ ജോലി അവസാനിപ്പിച്ച് വൈകുന്നേരങ്ങൾ സ്വന്തം താൽപ്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കുമായി മാറ്റിവെക്കാൻ ഓരോ ജീവനക്കാരനും സാധിക്കുന്നുണ്ട്. കേവലം വരുമാനത്തിനപ്പുറം, ദീർഘകാലാടിസ്ഥാനത്തിലുള്ള മാനസിക സന്തോഷത്തിനും സമാധാനത്തിനും ഇത്തരമൊരു തൊഴിൽ രീതി അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

വിദേശിയാണെന്ന പരിഗണനയില്ലാതെ ജോലിസ്ഥലത്ത് വലിയ ബഹുമാനവും അംഗീകാരവും ലഭിക്കുന്നുണ്ട്. തന്റെ ആശയങ്ങൾ കൃത്യമായി കേൾക്കപ്പെടുന്നുണ്ടെന്നും അതിന് അർഹമായ മൂല്യം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇത് പ്രൊഫഷണൽ ജീവിതത്തിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ അനുജിനെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധിപ്പേരാണ് എത്തുന്നത്. വിദേശത്തെ തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള ഈ തുറന്നുപറച്ചിൽ ഇതിനോടകം തന്നെ സൈബർ ഇടങ്ങളിൽ തരംഗമായിക്കഴിഞ്ഞു.

CLIXK HERE FOR VIDEO