ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതിനിടെ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് സ്വകാര്യ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ നിലവിൽ വന്നു.
ഗുജറാത്തിലെ വാദിനാറിലുള്ള നയാരയുടെ റിഫൈനറി ഏപ്രിൽ ആദ്യവാരം മുതൽ 35 ദിവസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുകയാണ്. ഇത് രാജ്യത്തെ എണ്ണ ശുദ്ധീകരണ ശേഷിയെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. നയാര വില വർധിപ്പിച്ചെങ്കിലും ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ കമ്പനികൾ നിലവിൽ വില കൂട്ടിയിട്ടില്ല. എന്നാൽ സ്വകാര്യ കമ്പനികളുടെ ചുവടുപിടിച്ച് വരും ദിവസങ്ങളിൽ പൊതുമേഖലാ കമ്പനികളും വില വർധിപ്പിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
ഊർജ പ്രതിസന്ധി അതിരൂക്ഷമായതോടെ അമേരിക്കയുടെ പ്രത്യേക അനുമതിയോടെ ഇറാനിൽ നിന്ന് ഇന്ത്യ എൽപിജി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാനിൽ നിന്നുള്ള എൽപിജി ശേഖരവുമായി ‘അറോറ’ എന്ന കപ്പൽ മംഗലാപുരം തുറമുഖത്തെത്തുമെന്നാണ് വിവരം.



