ന്യൂഡൽഹി: നക്സൽ തീവ്രവാദം രാജ്യത്തുനിന്ന് പൂർണമായും നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ സംബന്ധിച്ച വിഷയം ലോക്സഭ ഇന്നു ചർച്ച ചെയ്യും. ‘രാജ്യത്തെ ഇടതുപക്ഷ തീവ്രവാദത്തിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ’എന്ന തലക്കെട്ടിൽ ചട്ടം 193 പ്രകാരം ലിസ്റ്റ് ചെയ്തിരിക്കുന്ന ഹ്രസ്വചർച്ചയ്ക്ക് ടിഡിപി എംപി ബൈറെഡ്ഢി ശബാരിയും ശിവസേന അംഗം ശ്രീകാന്ത് ഷിൻഡെയും ചേർന്ന് തുടക്കം കുറിക്കും.
2026 മാർച്ച് 31ന് മുന്പായി രാജ്യത്തുനിന്ന് നക്സൽ ഭീഷണി പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മന്ത്രി പ്രഖ്യാപിച്ച സമയപരിധി അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെയാണു വിഷയം സംബന്ധിച്ച ചർച്ച പാർലമെന്റിൽ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് സർക്കാർ മറുപടി നൽകും.
നിലവിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇടതുപക്ഷ തീവ്രവാദം ബാധിച്ചിരിക്കുന്ന ജില്ലകളുടെ എണ്ണം ഏഴായി കുറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ തീവ്രവാദത്തെ നേരിടുന്നതിന് രൂപീകരിച്ച ദേശീയനയവും പ്രവർത്തനപദ്ധതികളുടെയും സമഗ്രമായ അവലോകനം കേന്ദ്രസർക്കാർ അടുത്തിടെ നടത്തിയിരുന്നു. ഒന്പത് സംസ്ഥാനങ്ങളിലെ 38 ജില്ലകളിലാണ് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച അവലോകനം നടത്തിയത്.
ഇതോടൊപ്പം ശേഷിക്കുന്ന സായുധ നക്സൽ കേഡറുകളെ നിർവീര്യമാക്കുന്നതിനായി സുരക്ഷാസേന മെഗാ ഓപ്പറേഷനും ആരംഭിച്ചിരുന്നു.



