ബെത്ലഹേമിൽ യേശുവിന്റെ ജന്മസ്ഥലത്തെ ഗ്രോട്ടോയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് വിശുദ്ധനാടിന്റെ സംരക്ഷണചുമതലയുള്ള ഫ്രാൻസിസ്കൻ വൈദികരും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും. ഭാവിതലമുറകൾക്കായി വിശുദ്ധനാട് സംരക്ഷിക്കുന്നതിനുള്ള സംയുക്ത സംരംഭമാണിത്.
“ഈ പദ്ധതി, ഈശോയുടെ ജന്മസ്ഥലത്തെ ഗ്രോട്ടോയുടെ ആത്മീയവും ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം ഭാവിതലമുറകൾക്കായി സംരക്ഷിക്കുന്നതിനും ക്രിസ്തീയപ്രഖ്യാപനം ദൃശ്യമായ രൂപം സ്വീകരിച്ചതും നൂറ്റാണ്ടുകളായി എല്ലാ രാജ്യങ്ങളിലെയും വിശ്വാസികൾ തീർഥാടനത്തിനായി ഒത്തുകൂടിയതുമായ ഒരു സ്ഥലത്തിന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനുമുള്ള ഒരു ഏകീകൃത ക്രിസ്തീയപ്രതിബദ്ധതയെ ഉൾക്കൊള്ളുന്നു” – വിശുദ്ധനാടിന്റെ സംരക്ഷണചുമതലയുള്ളവർ വെബ്‌സൈറ്റിൽ കുറിച്ചു.
“ഈ ശ്രമത്തിലൂടെ, ജറുസലേമിലെ സഭ അവരെ ഏൽപിച്ചിരിക്കുന്ന സുവിശേഷപൈതൃകം സംരക്ഷിക്കാനും ലോകത്തിലെയും എല്ലാ പാരമ്പര്യങ്ങളിലെയും വിശ്വാസികൾക്ക് ക്രിസ്തുവിന്റെ ജനനസ്ഥലത്തെ ഭക്തിപൂർവം ആരാധിക്കാൻ തുടരാൻ കഴിയുമെന്ന് ഉറപ്പാക്കാനും ശ്രമിക്കുന്നു” – അവർ കൂട്ടിച്ചേർത്തു.



