തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണം. ചൊവ്വാഴ്ച രാത്രി 12 മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സിയും പണിമുടക്കിൽ അണിനിരന്നതോടെ ഗതാഗത മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ബസുകൾ തീരെ ഓടാതായതോടെ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. കടകളും മാർക്കറ്റുകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്.
ബി.എം.എസ് ഒഴികെ കേന്ദ്ര ട്രേഡ് യൂനിയനുകൾ സംയുക്തമായാണ് സമരമുഖത്തുള്ളത്. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസ്, പത്രം, പാൽവിതരണം തുടങ്ങിയ അവശ്യസർവിസുകളെ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, പണിമുടക്കിൽ സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർ അനധികൃതമായി ജോലിക്കു ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോണായി കണക്കാക്കുമെന്നും ഈ ദിവസത്തെ ശമ്പളം ജൂലൈയിലേതിൽ നിന്ന് കുറവു ചെയ്യുമെന്നുമാണ് ഉത്തരവ്.