ട്വല്‍ത് ഫെയ്ല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാനുമാണ് മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടത്. ഷാരൂഖ് ഖാന്‍ ഇതാദ്യമായിട്ടാണ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖര്‍ജിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാളം സിനിമ. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും (പൂക്കാലം) മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും (ഉള്ളൊഴുക്ക്) നേടി.

മികച്ച എഡിറ്റിങ്ങിനുള്ള പുരസ്‌കാരം മിഥുന്‍ മുരളിക്കാണ് (പൂക്കാലം). മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരം മലയാളചിത്രം 2018 നും ലഭിച്ചു. പാര്‍ക്കിംഗാണ് മികച്ച്‌ തമിഴ് ചിത്രം.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ എംകെ രാംദാസ് സംവിധാനം ചെയ്ത നെകല്‍ – ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായി. അനിമല്‍ എന്ന ചിത്രത്തിലൂടെ റീ റെക്കോഡിങ് മികവിന് എംആര്‍ രാജകൃഷ്ണനും പ്രത്യേക പരാമര്‍ശം നേടി.
2023 ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ തിളങ്ങി മലയാളത്തില്‍ നിന്ന് ഉര്‍വശിയും വിജയരാഘവനും അടക്കമുള്ളവര്‍. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഉര്‍വശിയെ തേടിയെത്തിയത്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനം വിജയരാഘവനെ മികച്ച സഹനടനുമാക്കി. എന്നാല്‍ ഇതേ പുരസ്കാരം മറ്റ് രണ്ട് പേര്‍ക്കു കൂടിയുണ്ട്. മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനൊപ്പം മുത്തുപേട്ടൈ സോമു ഭാസ്കറും (തമിഴ് ചിത്രം പാര്‍ക്കിംഗ്) പങ്കുവച്ചപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം ഉര്‍വശി പങ്കുവച്ചത് ജാന്‍കി ബോഡിവാലയുമായാണ് (ഗുജറാത്തി ചിത്രം വഷ്).

സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനും എഡിറ്റിംഗും. കേരളം നേരിട്ട പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ജൂഡ് ആന്തണി ജോസഫ് ചിത്രം 2018 ലെ വര്‍ക്കിന് മോഹന്‍ദാസിനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന്‍ മുരളിയെയും തേടിയെത്തി. ചിത്രം വിജയരാഘവന് മികച്ച സഹനടനുള്ള പുരസ്കാരം നേടിക്കൊടുത്ത പൂക്കാലം തന്നെ. ഉര്‍വശിക്ക് പുരസ്കാരം നേടിക്കൊടുത്ത ഉള്ളൊഴുക്ക് തന്നെയാണ് മികച്ച മലയാള ചിത്രവും.

നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ഒരു മലയാള ചിത്രം നേടിയിട്ടുണ്ട്. എം കെ ഹരിദാസ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത നെകല്‍: ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍ എന്ന ചിത്രമാണ് അത്. മറുഭാഷാ ചിത്രങ്ങളിലെ സാങ്കേതിക വിഭാഗത്തിലും മലയാളികള്‍ക്ക് പുരസ്കാരങ്ങള്‍ ഉണ്ട്. മികച്ച സൗണ്ട് ഡിസൈനിനുള്ള പുരസ്കാരം മലയാളികളായ സച്ചിന്‍ സുധാകരനും ഹരിഹരന്‍ മുരളീധരനുമാണ്. ഹിന്ദി ചിത്രം അനിമലിലെ വര്‍ക്കിനാണ് പുരസ്കാരം. അനിമലിലെ തന്നെ വര്‍ക്കിന് എം ആര്‍ രാജാകൃഷ്ണനും മികച്ച റീ റെക്കോര്‍ഡിംഗ് മിക്സര്‍ക്കുള്ള പ്രത്യേക പരാമര്‍ശം നേടി.