കല്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെട്ട നത്തംകുനിയില്‍ റവന്യു പട്ടയഭൂമിയില്നിന്നു അനധികൃതമായി ഈട്ടി മുറിച്ച സംഭവത്തില്‍ ഭൂവുടമയ്ക്കെതിരായ റവന്യു റിക്കവറി നടപടി വൈകുന്നത് അന്വേഷിക്കുന്നതിന് അഭിഭാഷകന് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി.
ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ജോസഫ് മാത്യുവാണ് ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീക്ക് കത്ത് നല്‍കിയത്. ഭൂവുടമയെ സഹായിക്കുന്ന നിലപാടാണ് വൈത്തിരി തഹസില്‍ദാര്‍ സ്വീകരിക്കുന്നതെന്ന് കത്തില്‍ പറയുന്നു.
നത്തംകുനിയില്‍ ബ്ലോക്ക് നമ്പര്‍ 29ല്‍ 591/1 സര്‍വേ നമ്പറില്‍പ്പെട്ട 0.1821 ഹെക്ടര്‍ ഭൂമിയില്‍ 2020 ഡിസംബറിലാണ് നിയമവിരുദ്ധ ഈട്ടിമുറി നടന്നത്. കാപ്പിത്തോട്ടത്തിലുണ്ടായിരുന്ന കൂറ്റന്‍ ഈട്ടിയാണ് മുറിച്ചത്. ഇതിന് 2021 ജനുവരി 11നാണ് കെഎല്‍സി നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്തത്.
ജനുവരി 17നു തടികള്‍ റവന്യു അധികാരികള്‍ കസ്റ്റഡിയിലെടുത്തു. മരത്തിന് 12,42,472 രൂപ വനം വകുപ്പ് വില കണക്കാക്കി. ഈ തുകയുടെ മൂന്നിരിട്ടിയായ 37,27,416 രൂപയാണ് ഭൂവുടമയ്ക്ക് പിഴ ചുമത്തിയത്.
വൈത്തിരി തഹസില്‍ദാര്‍ നോട്ടീസ് നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥലം ഉടമ പിഴ ഒടുക്കിയില്ല. പിഴ വസൂല്‍ ചെയ്യാത്തതിന് മേപ്പാടി കോട്ടപ്പടി പോത്തമ്പാടം പി.കെ. മുരളീധരന് കോഴിക്കോട് ബാറിലെ അഡ്വ.പി.ടി. രാജേഷ് മുഖേന ജില്ലാ കളക്ടര്‍ക്ക് 2025 നവംബര്‍ 26ന് നോട്ടീസ് അയച്ചിരുന്നു.
ഇതേത്തുടര്‍ന്ന് പിഴ ഏഴ് ദിവസത്തിനകം ഈടാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ 2025 ഡിസംബര്‍ ഒമ്പതിന് ഡിസിഡബ്ല്യുഡി/9042/2025ബി 3 കത്തിലൂടെ വൈത്തിരി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്കി. എന്നാല്‍ കളക്ടറുടെ നിര്‍ദേശം തഹസില്‍ദാര്‍ സമയബന്ധിതമായി നടപ്പാക്കിയില്ല.
ഇത് വീഴ്ചയായി കണ്ട മുരളീധരന് പിഴ ഈടാക്കുന്നതിന് തഹസില്‍ദാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നതിന് കളക്ടര്‍ക്ക് കത്ത് കൊടുത്തു. ഇതേത്തുടര്‍ന്ന് റവന്യു റിക്കവറിക്ക് പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ ജനുവരി 27ന് തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
വില്ലേജ് ഓഫീസര്‍ ഫെബ്രുവരി 16ന് സ്ഥല പരിശോധന നടത്തി സാക്ഷികളുടെ സാന്നിധ്യത്തില്‍ മഹസര്‍ തയാറാക്കിയും ലൊക്കേഷന്‍ പ്ലാന്‍ ഉള്‍പ്പെടുത്തിയും തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും റിവന്യു റിക്കവറി നടന്നില്ല. ഈ സാഹചര്യത്തിലാണ് അഡ്വജോസഫ് മാത്യു കളക്ടര്‍ക്ക് കത്ത് നല്‍കിയത്.



