ജീവനക്കാരോട് വർക്ക് – ലൈഫ് ബാലൻസ് നിലനിർത്താൻ ആവശ്യപ്പെട്ട് ഇൻഫോസിസ്. ഈ വിഷയത്തിൽ ഒരു ആഭ്യന്തര കാമ്പെയ്ൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. ജീവനക്കാർ ഓഫീസിലെ ജോലിക്കായി ചെലവഴിക്കുന്ന സമയവും റിമോട്ട് ജോലിചെയ്യുന്ന ജോലിക്കാരുടെ സമയവും എച്ച്.ആർ. നിരീക്ഷിക്കും. നിർദ്ദിഷ്ട സമയപരിധിക്ക് മുകളിൽ ജോലി സമയം രേഖപ്പെടുത്തിയ ജീവനക്കാർക്ക് കമ്പനി വ്യക്തിഗത ഇമെയിലുകൾ അയക്കുകയും ചെയ്യും. ഇത് സാധാരണ സമയക്രമം പാലിക്കാനും ആരോഗ്യത്തിൽ ശ്രദ്ധിക്കാനും അവരെ പ്രേരിപ്പിക്കുന്നു.
ആഴ്ചയിൽ അഞ്ച് ദിവസവും പ്രതിദിനം ശരാശരി 9.15 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കമ്പനിയുടെ എച്ച്.ആർ. ടീം ആരോഗ്യത്തെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള ഇമെയിലുകൾ അയക്കും. ഈ ഇമെയിലുകളിൽ ജീവനക്കാരൻ എത്ര ദിവസം റിമോട്ട് ജോലി ചെയ്തു, ആകെ എത്ര സമയം ജോലി ചെയ്തു, പ്രതിദിനം ശരാശരി എത്ര മണിക്കൂർ ജോലി ചെയ്തു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഉണ്ടാകും
വർക്ക് ലൈഫ് ബാലൻസ് വ്യക്തിപരമായ ക്ഷേമത്തിന് മാത്രമല്ല ദീർഘകാല തൊഴിൽപരമായ കാര്യക്ഷമതയ്ക്കും അത്യാവശ്യമാണെന്ന് കമ്പനി പറയുന്നു. സ്ഥിരമായി ഇടവേളകൾ എടുക്കാനും, അധിക ജോലിഭാരം തോന്നുമ്പോൾ ആശങ്കകൾ അറിയിക്കാനും, ആവശ്യമെങ്കിൽ ജോലികൾ കൈമാറാനും ഇൻഫോസിസ് ജീവനക്കാരെ ഉപദേശിക്കുന്നുണ്ട്. ജീവനക്കാരുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഈ പുതിയ സംരംഭം ഹൈബ്രിഡ് വർക്ക് മോഡൽ സ്വീകരിച്ചതിന് ശേഷമാണ് ഇൻഫോസിസ് ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. 2023 നവംബർ 20 മുതൽ കമ്പനി വർക്ക് ഫ്രം ഓഫീസ് നയം സ്വീകരിച്ചിരുന്നു. അതനുസരിച്ച് ജീവനക്കാർ ഒരു മാസം കുറഞ്ഞത് 10 ദിവസമെങ്കിലും ഓഫീസിൽ നിന്ന് ജോലി ചെയ്യണം.