നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരന്മാർ രംഗത്ത്. വോട്ടർമാരെ ആശയക്കുപ്പത്തിലാക്കാൻ ഒരേ പേരുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളെ രംഗത്തിറക്കുന്ന തന്ത്രം ഇത്തവണയും ശക്തമാണ്.
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ്, മുൻ മന്ത്രി ജി സുധാകരൻ, പി വി അൻവർ, കോൺഗ്രസ് നേതാക്കളായ കെ മുരളീധരൻ, രമേശ് ചെന്നിത്തല തുടങ്ങിയവർക്കെല്ലാം അപരന്മാർ വെല്ലുവിളി ഉയർത്തുന്നുണ്ട്.
മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ കണ്ണൂർ ചെടിച്ചേരി സ്വദേശിയായ വിജയൻ എ എം എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. അമ്പലപ്പുഴയിൽ സിപിഐ(എം) വിമത നേതാവ് ജി സുധാകരന് എതിരെ സുധാകരൻ എന്ന പേരുള്ള സ്വതന്ത്രൻ രംഗത്തുണ്ട്.



