• അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ: അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യൻ വംശജരായ നേഴ്‌സുമാരുടെ സാന്നിധ്യത്തെപറ്റി കൂടുതൽ അറിയുവാനും പഠിക്കുവാനുമായി, അമേരിക്കയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ നാഷണൽ നേഴ്‌സസ് ഓഫ് അമേരിക്ക – NAINA യുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന നാഷണൽ സർവ്വേയ്ക്ക് തുടക്കമായി. നൈനയുടെ നാഷണൽ പ്രസിഡണ്ട് ആഗ്നസ് തേരാടിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ കൂടിയ കമ്മറ്റിയാണ് അമേരിക്കൻ നേഴ്‌സുമാരുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ  ചിത്രം ലഭ്യമാകുവാൻ വേണ്ടിയുള്ള സർവേയ്ക്ക് തുടക്കം കുറിച്ചത്.

നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ കുടിയേറ്റത്തിനും അതിജീവനത്തിനും ശക്തമായ പിന്തുണ നൽകിയ നേഴ്‌സിങ് മേഖലയിൽ ആയിരക്കണക്കിന് ഇന്ത്യൻ വംശജർ ജോലി ചെയ്യുന്നുണ്ട് എങ്കിലും, ഏഷ്യൻ നേഴ്‌സസ് എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി ഒതുങ്ങേണ്ടിവരുന്നവരാണ് ഇന്ത്യൻ നേഴ്‌സുമാർ. അത് കൊണ്ട് തന്നെ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്‌സുമാരെ സംബന്ധിച്ചുള്ള പൂർണ്ണമായ വിവരം സമാഹരിച്ച്, ദേശീയ തലത്തിൽ അർഹമായ സ്ഥാനം ലഭ്യമാക്കുവാൻ വേണ്ടിയുള്ള പരിശ്രമമാണ് ഈ നേഴ്സിങ്ങ് സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ പ്രമുഖ വ്യക്തികളുടെ പിന്തുണയോടെ നടത്തപെടുന്ന ഈ സർവ്വേ, അമേരിക്കൻ ഇന്ത്യൻ നേഴ്‌സുമാരുടെ ചരിത്രത്തിൽ ഒരു നാഴികകല്ലായി മാറും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് ഈ സർവ്വേയുമായി NAINA  മുന്നോട്ട് വന്നിരിക്കുന്നത് എന്ന് പ്രസിഡണ്ട് ആഗ്നസ് തേരാടി  അറിയിച്ചു. ദേശീയ തലത്തിൽ നേഴ്‌സസ് വാരം ആഘോഷിക്കപ്പെടുമ്പോൾ, ഇത് പോലൊരു ചരിത്ര ദൗത്യവുമായി മുന്നോട്ട് വന്നപ്പോൾ തന്നെ നിരവധി നേഴ്സുമാരും ഇന്ത്യൻ സമൂഹത്തിലെ വ്യക്തികളും സംഘടനകളും ഇതിനെ പിന്തുണച്ച് എത്തിയിട്ടുണ്ട് എന്നത് വളരെ ചാരിതാർഥ്യം പകരുന്ന കാര്യമാണ് എന്നും, ജൂൺ 10ന് പൂർത്തിയാക്കത്തക്ക വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന സർവ്വേയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും കമ്മറ്റിക്ക് വേണ്ടി ശ്രീമതി ആഗ്നസ് തേരാടി  അറിയിച്ചു.

അമേരിക്കൻ നഴ്സിംഗ് രംഗത്തെ  ഒരു പ്രധാന വിഭാഗമായി കൊണ്ട്, ഇവിടുത്തെ നഴ്സിംഗ് മേഖലയുടെ എല്ലാ തലങ്ങളിലും ഇന്ത്യൻ നഴ്സുമാർ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, അവരുടെ സംഭാവനകൾ മികവുറ്റതുമാണ്. അഞ്ചു ദശാബ്ദത്തിലേറെയായി അമേരിക്കൻ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്സിംഗ് സമൂഹത്തിന്റെ സംഭാവനയ്ക്കു, ചുരുക്കം ചില വ്യക്തിഗത അംഗീകാരങ്ങൾക്ക് അതീതമായി, ഒരു സമൂഹമെന്നനിലക്ക്,    അർഹമായ പരിഗണനയോ പാരിതോഷികമോ അമേരിക്കൻ സമൂഹം നൽകുന്നുണ്ടോ എന്നതിൽ സംശയം ഉണ്ട്.  ഇതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്,  അമേരിക്കയിൽ ഇന്ത്യൻ വംശജരായ  എത്ര നഴ്സുമാർ ഉണ്ട് എന്നോ അവരൊക്കെ നഴ്സിങ്ങിന്റെ ഏതൊക്കെ തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നോ ഉള്ള  സ്ഥിതിവിവര കണക്കുകൾ ലഭ്യമല്ല എന്ന പോരായ്മയാണ്. ഇപ്രകാരമുള്ള പ്രാഥമിക വിവരങ്ങൾ ഇന്ത്യൻ സമൂഹത്തിനു തന്നെ പ്രയോജനപ്രദമാകും എന്നതിനാലാണ് അമേരിക്കൻ ആരോഗ്യ രംഗത്തെ ഇന്ത്യൻ നഴ്സിംഗ് സാന്നിധ്യം വ്യക്തമാക്കുവനായി  ഈ  സർവ്വേനടത്തപ്പെടുന്നത്.  അസോസിയേഷന്റെ അംഗത്വമോ മറ്റു വസ്തുതകളോ പരിഗണിയ്ക്കാതെയും ,  ഇതിലൂടെ ലഭിയ്ക്കുന്ന വിവരങ്ങൾക്ക് വേണ്ട സ്വകാര്യത ഉറപ്പു നൽകികൊണ്ടുമാണ് ഈ സർവ്വേ രൂപകൽപന ചെയ്തിട്ടുള്ളത്. ഏകദേശം അഞ്ചു മിനുറ്റിൽ പൂർത്തിയാക്കാവുന്ന ഈ സർവ്വേ ഇപ്പോൾ ജോലി ചെയ്യുന്നവരും റിട്ടയർ ചെയ്തവരുമായ LPN / LVN, RN, APRN ആയ എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്.

നൈനയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയും (www.nainausa.com) http://nainausa.com/index.php/national-survey-of-asian-indian-nurses/  എന്ന ഡയറക്റ്റ് ലിങ്കിലൂടെയും സർവ്വേ പൂർത്തീകരിക്കാവുന്നതാണ്. കൂടാതെ  1 -888 -61 NAINA (1 -888 – 616 – 2462) എന്ന toll free നമ്പറിൽ വിളിച്ചും  വിവരങ്ങൾ നൽകാവുന്നതാണ്.  ഇത് സംന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മേല്പറഞ്ഞ ടോൾ ഫ്രീ നമ്പരിലൂടെയും nainagb2015@gmail.com എന്ന ഈമെയിലിലൂടെയും  ലഭ്യവുന്നതായിരിക്കും . നൈനയുടേ സർവ്വേയുടെ നടത്തിപ്പിനായി രുപീകരിച്ച കമ്മറ്റിക്ക് വേണ്ടി  Simi Jesto Joseph, DNP, APN, NP-C   ( Public Relations NAINA National Survey Task Force), Suja Thomas, MSN. Ed., RN, CWOCN ( NAINA Communications Chair ) എന്നിവർ അറിയിച്ചതാണിത്.