ആഭ്യന്തരയുദ്ധങ്ങളും, അക്രമാസക്തമായ ഏറ്റുമുട്ടലുകളും സാധാരണ ജനങ്ങൾക്ക് വലിയ ദുരിതത്തിനും, കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനും കാരണമാകുന്ന മ്യാന്മറിൽ, ജനുവരി മാസം പതിമൂന്നാം തീയതി, പുതിയ ഒരു ദേവാലയവും, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയും ആശീർവദിക്കപ്പെടുകയും, വിശ്വാസികൾക്ക് സമർപ്പിക്കപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച വിവരങ്ങൾ ഫീദെസ് വാർത്താ ഏജൻസിയാണ് പങ്കുവച്ചത്. വടക്കൻ മ്യാൻമറിലെ കാച്ചിൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈറ്റ്കിന രൂപതയിലാണ് ഈ പുതിയ ദേവാലയം നിർമ്മിക്കപ്പെട്ടത്.
പ്രതിസന്ധികളുടെയും കഷ്ടതകളുടെയും സമയങ്ങളിൽ, വിശ്വാസികൾ ജീവനുള്ള കല്ലുകളുടെ സമൂഹങ്ങളായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന, വിശുദ്ധ പത്രോസിന്റെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ട് മൈറ്റ്കിന മെത്രാൻ ജോൺ മംഗ് ങ്‌വാൻ ലാ സാം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ആകെ 95,000-ത്തിലധികം വിശ്വാസികളുള്ള രൂപതയിലെ കത്തോലിക്കാ സമൂഹത്തിന്റെ ഗണ്യമായ വികാസമാണ് പുതിയ പള്ളി അനിവാര്യമാക്കിയത്.
“യഥാർത്ഥ സഭ കർത്താവിന്റെ വെളിച്ചത്തിൽ നടക്കുന്ന ദൈവജനത്താൽ നിർമ്മിതമാണ്” എന്ന് യാങ്കോൺ അതിരൂപതയിലെ സഹായമെത്രാൻ കർദ്ദിനാൾ ബോ ഓർമ്മിപ്പിച്ചു. “സഭയുടെ മതിലുകൾ സമൂഹത്തെ പരിമിതപ്പെടുത്തുക എന്നതല്ല, മറിച്ച് ലോകത്തിലെ സ്നേഹത്തിനും സമാധാനത്തിനും നീതിക്കും സാക്ഷ്യം വഹിക്കാൻ കഴിയുന്ന തരത്തിൽ അതിനെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്,” കർദ്ദിനാൾ ഓർമ്മിപ്പിച്ചു. നീതിക്കും സമാധാനത്തിനും വേണ്ടി പോരാടുന്ന ഒരു ജനതയെന്ന നിലയിൽ, ഈ ആരാധനാലയം വിശ്വാസികൾക്ക്, സംഘർഷത്തിനിടയിലും നിലനിൽക്കുന്ന ഒരു വിശ്വാസത്തിന്റെ മൂർത്തമായ പ്രതീകമാണ്.



