ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഈ വിഷയത്തെ പര്‍വതീകരിക്കേണ്ട കാര്യമില്ല. ഇങ്ങനെയൊരു സംഭവമുണ്ടാകാന്‍ പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

സര്‍ക്കാര്‍ ആശുപത്രിയില്‍ തുടരെ തുടരെ പ്രശ്‌നങ്ങളാണെന്ന് വരുത്താനാണ് ശ്രമം നടക്കുന്നത്. മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവമാണ്. ഇത്തരം വീഴ്ചകള്‍ സ്വാഭവികമാണ്. ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഒന്നോ രണ്ടോ സംഭവങ്ങള്‍ ഉണ്ടായെന്ന് കരുതി പര്‍വതീകരിക്കേണ്ട കാര്യമില്ല. ഇതുവരെ രണ്ടുസംഭവമാണ് ഉണ്ടായത്.

ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അപൂര്‍വമായി ഉണ്ടാകുന്ന സംഭവങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വീട്ടില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ വിധിയോടെയാണ് റീത്ത് വെച്ചത്.

യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ട് എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് അവര്‍ക്കറിയാം. സംഘര്‍ഷം ഉണ്ടാക്കാന്‍ ആണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.