കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ നൂറു കണക്കിന് ആൾക്കാരെ രക്ഷിച്ച് ഒടുവിൽ ദുരന്ത മുഖത്ത് ജീവൻ നഷ്ടപെട്ട പ്രജീഷിന്റെ കുടുംബം പുതിയ വീട്ടിലേക്ക്. മേപ്പാടി ടൗണിൽ സ്ഥലം വാങ്ങി നീതുസ് എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് വീട് വച്ചു നൽകിയത്. പുതിയ വീടിന്റെ താക്കോൽ ടീം നീതുസ് അമ്മക്ക് കൈമാറി. 2025ലെ ടിഎൻജി പുരസ്കാരം പ്രജീഷിന് മരണാനന്തരം സമർപ്പിച്ചിരുന്നു.

2024ലെ ഉരുൾപൊട്ടലിൽ കൂലിക്ക് ഓടിയിരുന്ന ജീപ്പുമായാണ് പ്രജീഷ് പരമാവധി ആളുകളെ രക്ഷപ്പെടുത്തിയത്. വീണ്ടും രക്ഷപ്പെടുത്താൻ ജീപ്പുമായി പോയപ്പോഴാണ് പ്രളയം പ്രജീഷിന്റെ ജീവനെടുത്തത്. ചൂരൽമലയിലെ ഒറ്റ മുറി വീട്ടിലാണ് പ്രജീഷും അമ്മയും കഴിഞ്ഞിരുന്നത്. പ്രജീഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി വീട്. ഒടുവിൽ പ്രജീഷിന്റെ സ്മരണയുമായി അമ്മ പുതിയ വീട്ടിലേക്ക് മാറി. വീട്ടിലേക്കുള്ള സാധനങ്ങളും സ്പോൺസർമാർ വാങ്ങി നൽകിയിട്ടുണ്ട്. കൽപ്പറ്റ എം എൽ എ ടി സിദ്ദിഖ്, സി പി എം ജില്ലാ സെക്രട്ടറി റഫീഖ്, സന്നദ്ധ പ്രവർത്തകർ അടക്കം ചടങ്ങിൽ പങ്കെടുത്തു.