വാനരവസൂരി അഥവാ എംപോക്സ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇയിലേ ആരോഗ്യ വിദഗ്ധർ. ഇത്തരം കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കുംലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർക്കും രോഗം പടരാൻ ഉള്ള സാധ്യത കൂടുതലാണ്. സ്രവങ്ങൾ, ശ്വസന കണികകൾ, വൈറസ് ബാധിച്ച വസ്തുക്കൾ എന്നിവയിലൂടെയും രോഗം പകരാം.

പനി, ശരീരവേദന, വിറയൽ, കഠിനമായ തലവേദന, ക്ഷീണം, ചർമത്തിൽ കുമിള പോലെ പൊങ്ങുക എന്നിവയാണ് ലക്ഷണങ്ങൾ. 3 ദിവസത്തെ പനിക്കുശേഷം ശരീരത്തിൽ ഉണ്ടാകുന്ന തടിപ്പുകളിൽ ദ്രാവകം നിറഞ്ഞ് കുമിളകളായി പൊന്തി പൊട്ടുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യും.

രോഗവ്യാപനം തടയാനായി  യാത്രയിലും ഒത്തുചേരലുകളിലും മതിയായ ആരോഗ്യസുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. രോഗബാധിതരുമായി അടുത്ത് ഇടപഴകിയവർ 21 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. എംപോക്സ് ബാധിച്ചവർ രോഗബാധ മാറുന്നതുവരെ ആശുപത്രിയിൽ തുടരണമെന്നും നിർദ്ദേശത്തിൽ പറയുന്നു.