ഉറങ്ങുന്ന രീതികൾ ഓരോരുത്തരിലും വ്യത്യസ്തമാണ്. ചിലർക്ക് കട്ടിയുള്ള തലയിണ വേണം, മറ്റു ചിലർക്ക് നേരിയ തലയിണ മതി. അതുപോലെ, എല്ലാ കാലാവസ്ഥയിലും പുതപ്പ് ഉപയോഗിക്കാതെ ചിലർക്ക് ഉറങ്ങാൻ കഴിയില്ല. എന്നാൽ, ഉറക്കത്തിലായിരിക്കുമ്പോൾ നമ്മൾ പല കാര്യങ്ങളെക്കുറിച്ചും ബോധവാന്മാരല്ല. അതിലൊന്നാണ് വായ തുറന്നുറങ്ങുന്ന ശീലം. ഉറങ്ങുമ്പോൾ നിങ്ങളുടെ വായ തുറന്നിരിക്കാറുണ്ടോ? ഇത് ആരോഗ്യപരമായ ഏതെങ്കിലും അപകടങ്ങളെ സൂചിപ്പിക്കുന്നുണ്ടോ എന്നറിയാം.

സാധാരണയായി, നമ്മൾ മൂക്കിലൂടെയാണ് ശ്വാസമെടുക്കുന്നത്. എന്നാൽ കഠിനാധ്വാനം ചെയ്യുകയോ വ്യായാമം ചെയ്യുകയോ ചെയ്യുമ്പോൾ കൂടുതൽ ഓക്സിജൻ ആവശ്യമുള്ളതിനാൽ വായയിലൂടെയും ശ്വാസമെടുക്കാറുണ്ട്. എന്നാൽ, ഉറങ്ങുമ്പോൾ ശരീരം വിശ്രമാവസ്ഥയിലായിരിക്കുന്നതിനാൽ വേഗത്തിൽ ശ്വാസമെടുക്കേണ്ട ആവശ്യം വരുന്നില്ല. 

എന്നിരുന്നാലും, പലരും വായ തുറന്ന് ശ്വാസമെടുത്ത് ഉറങ്ങാറുണ്ട്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമനറി, ക്രിട്ടിക്കൽ കെയർ, സ്ലീപ് മെഡിസിൻ വിഭാഗം ഡോക്ടർ വിജയ് ഹദ്ദയുടെ അഭിപ്രായത്തിൽ, വായ തുറന്ന് ഉറങ്ങുന്നത് വളരെ സാധാരണമാണ്. ഇത് ഒരു രോഗലക്ഷണമായി കണക്കാക്കേണ്ടതില്ല. മൂക്കിന് എന്തെങ്കിലും പ്രശ്നങ്ങളോ മൂക്കടപ്പോ ഉണ്ടെങ്കിൽ ആളുകൾ ശ്വാസമെടുക്കാൻ വായ ഉപയോഗിക്കാറുണ്ട്.

മൂക്കടപ്പിന്റെ ഒരു സാധാരണ കാരണം ജലദോഷമാണ്, എന്നാൽ ടോൺസിലുകൾ വലുതാകുന്നതും ഇതിന് കാരണമാകാറുണ്ട്. ഇത് കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്. കുട്ടികളിൽ അഡിനോയിഡ് അഥവാ ടോൺസിലുകളുടെ വലുപ്പം കൂടുതലായിരിക്കും, ഇത് അണുബാധകളെ ചെറുക്കാൻ അവരെ സഹായിക്കുന്നു. ഇതിന്റെ ഫലമായി അവരുടെ മൂക്കിന് നേരിയ തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് പല കുട്ടികളും വായ തുറന്നുറങ്ങുന്നത്. പ്രായം കൂടുന്തോറും ടോൺസിലുകൾ ചെറുതാവുകയും ഈ ശീലം ഇല്ലാതാവുകയും ചെയ്യുന്നു.

വായ തുറന്നുറങ്ങുന്നതിന് പിന്നിലെ മറ്റൊരു കാരണം ഡീവിയേറ്റഡ് നേസൽ സെപ്റ്റം (DNS) എന്ന അവസ്ഥയാകാം. മൂക്കിന്റെ സെപ്റ്റത്തിന്റെ ഒരു പ്രധാന ഭാഗമാണ് സെപ്റ്റം കാർട്ടിലേജ്. മൂക്കിന്റെ സെപ്റ്റം, മൂക്കിന്റെ അറയെ രണ്ട് ഭാഗങ്ങളായി തിരിക്കുന്നു. ഇത് സ്വാഭാവികമായി അല്പം വളഞ്ഞതാണ്, എന്നാൽ ഇത് വളരെയധികം വളഞ്ഞുപോയാൽ, മൂക്കിന്റെ ഒരു ഭാഗം അടഞ്ഞുപോകും. ഈ അവസ്ഥയെയാണ് ഡീവിയേറ്റഡ് നേസൽ സെപ്റ്റം അഥവാ ഡിഎൻഎസ് എന്ന് പറയുന്നത്. 

ഈ അവസ്ഥയിലുള്ള ആളുകളും വായയിലൂടെ ശ്വാസമെടുക്കാൻ സാധ്യതയുണ്ട്. ഈ പ്രശ്നം ഗുരുതരമാണെങ്കിൽ, സെപ്റ്റോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാൻ കഴിയും. വായ തുറന്നുറങ്ങുകയും ഒപ്പം ഉച്ചത്തിലുള്ള ശബ്ദത്തോടെ കൂർക്കംവലി ഉണ്ടാവുകയും ചെയ്യുമ്പോൾ ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.

വായ തുറന്ന് ശ്വാസമെടുക്കുന്നത് വായിൽ വരൾച്ച ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഇത് വായയുടെ ശുചിത്വത്തെ ദോഷകരമായി ബാധിക്കുമെന്നും ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ പൾമനറി, ക്രിട്ടിക്കൽ കെയർ, സ്ലീപ് മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ രോഹിത് കുമാറിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട്‌ ചെയ്യുന്നു. 

ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ചുമ, കഫം തുടങ്ങിയ ബുദ്ധിമുട്ടുകളില്ലാതെ വായ തുറന്ന് ഉറങ്ങുകയും ഒപ്പം കൂർക്കംവലിയും ഉണ്ടെങ്കിൽ, അത് മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാം. അങ്ങനെയെങ്കിൽ, ഡോക്ടറെ സമീപിക്കുന്നത് ഉചിതമാണ്. ഇത്തരം സാഹചര്യങ്ങളിൽ, ഒരു ഇഎൻടി ഡോക്ടറാണ് ആദ്യം പരിശോധിക്കേണ്ടതെന്നും അതിനുശേഷം കൂടുതൽ പരിശോധനകൾ നടത്താമെന്നും ഡോക്ടർ രോഹിത് കുമാർ പറയുന്നു.