ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപം നിർമ്മാണത്തിലിരുന്ന റോഡിലെ കുഴിയിൽ വീണ് 27 വയസ്സുകാരനായ ബൈക്ക് യാത്രികൻ മരിച്ചു. മുതലക്കോടം സ്വദേശിയായ ജെയ്‌സ് ബെന്നിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി വൈകിയാണ് അപകടം നടന്നത്.

റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡരികിൽ എടുത്തിരുന്ന വലിയ കുഴിയിലേക്ക് ജെയ്‌സ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം മറിയുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പിഡബ്ല്യുഡി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.