തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ അഞ്ച് വയസുകാരനായ മകന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തി അമ്മയുടെ കാമുകൻ. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് കൊലപാതകം നടന്നത്.

തമിഴ്‌നാട് സ്വദേശിയായ ഗാന്ധി(45)യെ ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലു തലക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതി നരസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരുരാത്രി മുഴുവൻ അഞ്ചുവയസുകാരൻ പിതാവിന്‍റെ മൃതദേഹത്തിനൊപ്പം കാട്ടിൽ കഴിഞ്ഞു. അടുത്തിടെയാണ് തിരുപ്പതി സ്വദേശിയായ ഗാന്ധിയെയും മകനെയും ഉപേക്ഷിച്ച് രാസാത്തി കാമുകനായ നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്.

വീടുവിട്ടിറങ്ങിയ ഭാര്യക്കായി ഗാന്ധി അന്വേഷണത്തിലായിരുന്നു. രാസാത്തി അന്നമയ്യ ജില്ലയിൽ ഉണ്ടെന്നറിഞ്ഞാണ് ഗാന്ധി മകനുമായി ഇവിടെ എത്തിയത്. അന്വേഷണത്തിനൊടുവിൽ ഗാന്ധി ഭാര്യയുടെ കാമുകനായ നരസിംഹലുവിനെ നേരിട്ടുകണ്ടു.

ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ഇയാൾ ഗാന്ധിയെ മദ്യപിക്കാൻ ക്ഷണിച്ചു. രണ്ട് കൂട്ടാളികളും നരസിംഹലുവിനൊപ്പം ഉണ്ടായിരുന്നു. പ്രതികൾ സമീപത്തെ വനമേഖലയിലേക്കാണ് ഗാന്ധിയെയും മകനെയും കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് നരസിംഹലു ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.