മസാച്യുസിറ്റ്സ്: മസാച്യുസിറ്റ്സിൽ പ്രസവാനന്തര വിഷാദരോഗത്തെ തുടർന്ന് യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ആരോപണവുമായി യുവതിയുടെ ഭർത്താവ്. 2023 ജനുവരിയിൽ കോറ (അഞ്ച്), ഡോസൺ (മൂന്ന്), എട്ട് മാസം പ്രായമുള്ള കല്ലൻ എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ലിൻഡ്സെ ക്ലാൻസിയുടെ (35) ഭർത്താവ് പാട്രിക് ക്ലാൻസിയാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
മക്കളെ കൊന്ന ശേഷം ലിൻഡ്സെ വീടിന്റെ ജനലിലൂടെ പുറത്തേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ലിൻഡ്സെയുടെ ശരീരം തളർന്നു. സംഭവത്തിൽ ലിൻഡ്സെ കുറ്റക്കാരി അല്ലെന്നും പ്രസവാനന്തര വിഷാദരോഗമാണ് യുവതി അനുഭവിച്ചതെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഡോക്ടർമാർ അമിത അളവിൽ നൽകിയ തെറ്റായ മരുന്നുകളാണ് ഭാര്യയുടെ മാനസികാരോഗ്യം വഷളാക്കിയതെന്ന് ആരോപിച്ചാണ് പാട്രിക് കോടതിയെ സമീപിച്ചിരിക്കുന്നത്. ഡോ. ജെന്നിഫർ ടഫ്റ്റ്സ്, നഴ്സ് റെബേക്ക ജൊല്ലോട്ട, ആസ്റ്റർ മെന്റൽ ഹെൽത്ത് ഇൻകോർപ്പറേറ്റ്, സൗത്ത് ഷോർ ഹെൽത്ത് സിസ്റ്റം എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
അമിതമായ അളവിലുള്ള മരുന്നുകളും മോശം നിരീക്ഷണവും കുട്ടികളുടെ മരണത്തിലേക്ക് നയിച്ചു. ഡോക്ടർമാർ അശ്രദ്ധമായി പെരുമാറിയിരുന്നില്ലെങ്കിൽ, കൃത്യമായ പരിചരണം നൽകിയിരുന്നുവെങ്കിൽ കുട്ടികൾ ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്ന് ഹർജിയിൽ പാട്രിക് ആരോപിക്കുന്നു.
2022 സെപ്റ്റംബർ മുതൽ 2023 ജനുവരി വരെ ലിൻഡ്സെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നു. ആന്റിഡിപ്രസന്റുകൾ, മൂഡ് സ്റ്റെബിലൈസറുകൾ, ബെൻസോഡിയാസെപൈനുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം മനോരോഗ മരുന്നുകളാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത്. കൊലപാതകത്തിന്റെ തലേദിവസം ഭാര്യ 17 മിനിറ്റ് നേരം ഡോ. ജെന്നിഫർ ടഫ്റ്റ്സിനെ കണ്ടിരുന്നു. മാനസികാവസ്ഥ ‘മാറ്റമില്ല’ എന്നാണ് അന്ന് ഡോക്ടർ വിലയിരുത്തിയത്. ഇത് തെറ്റായ നിഗമനമായിരുന്നു. ആത്മഹത്യാ ചിന്തകളും കൊലപാതക ചിന്തകളും ലിൻഡ്സെയെ അലട്ടിയിരുന്നത് കണ്ടെത്തുന്നതിന് ഡോക്ടർ പരാജയപ്പെട്ടതായാണ് ഹർജിക്കാരൻ ആരോപിക്കുന്നത്.
കൃത്യത്തിന് ശേഷം ഭാര്യയെയും മരിച്ച നിലയിൽ കുട്ടികളെയും ആദ്യം കണ്ടെത്തിയത് ഭർത്താവ് പാട്രിക് ക്ലാൻസിയാണെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ലിൻഡ്സെയുടെ വിചാരണ ജൂലൈയിൽ ആരംഭിക്കും.



