ഇന്ത്യാ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പാകിസ്താനും ബംഗ്ലാദേശിനും തിരിച്ചടിയായേക്കും. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് നികുതിയില്ലാതെയോ കുറഞ്ഞ നികുതിയോടെയൊ യൂറോപ്യൻ വിപണിയിലേക്ക് പ്രവേശനം ലഭിക്കുന്നതോടെ പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും വ്യാപാര സാധ്യതകളാണ് തകിടം മറിയാൻ പോകുന്നത്. 18 വർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പുവച്ചത്. കരാറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ യൂറോപ്യൻ യൂണിയൻ അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. പകരമായി ഇന്ത്യ 97 ശതമാനം യൂറോപ്യൻ ഉൽപ്പന്നങ്ങളുടെ നികുതിയും കുറയ്ക്കും.
കരാർ മുഖേനെ യൂറോപ്യൻ വിപണിയിൽ ഇന്ത്യയ്ക്ക് വലിയ സ്വാധീനം ലഭിക്കുന്നതോടെ പാകിസ്താന്റെ കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. സ്വതവെ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന പാകിസ്താന് കരാർ വലിയ ഇരുട്ടടിയാണ് നൽകാൻ പോകുന്നത്. പാകിസ്താന്റെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയാണ് യൂറോപ്യൻ യൂണിയൻ. പ്രതിവർഷം 9 ബില്യൺ ഡോളർ (ഏകദേശം 8.25 ലക്ഷം കോടി രൂപ) മൂല്യമുള്ള കയറ്റുമതിയാണ് ഇപ്പോൾ ഭീഷണിയിലായിരിക്കുന്നത്. പാകിസ്താനിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ടെക്സ്റ്റൈൽ രംഗത്ത് ഏകദേശം 10 മില്യൺ (ഒരു കോടി) തൊഴിലുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പാകിസ്താൻ മുൻ വാണിജ്യ മന്ത്രി ഡോ. ഗോഹർ ഇജാസ് മുന്നറിയിപ്പ് നൽകി. ഈ മേഖല ആകെ 1.5 മുതൽ 2.5 കോടി ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്.
നിലവിൽ ജിഎസ്പി പ്ലസ് (GSP+ þ Generalised Scheme of Preferences Plus) പദവിയിലൂടെ പാകിസ്താന് ലഭിക്കുന്ന നികുതിയിളവ് ആനുകൂല്യം അടുത്ത വർഷം അവസാനിക്കും. വികസ്വര രാജ്യങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുകയും, ആ രാജ്യങ്ങളിലെ സാമ്പത്തിക അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് ജിഎസ്പി പ്ലസ് പദവി ഒരു രാജ്യത്തിന് നൽകുന്നത്. ഇത് അടുത്ത വർഷം അവസാനിക്കുകയും ഇന്ത്യയുമായുള്ള കരാറോടെ മുമ്പ് ലഭിച്ചിരുന്ന മുൻഗണന ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യം പാകിസ്താനെ ആശങ്കപ്പെടുത്തുന്നുണ്ട്. സാഹചര്യം വിലയിരുത്താൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വിദേശകാര്യ മന്ത്രാലയവും അടിയന്തര യോഗങ്ങൾ ചേർന്നു. ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി പാകിസ്താൻ വ്യവസായ മേഖലയ്ക്കുള്ള വൈദ്യുതി നിരക്കിൽ 4.04 രൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്
ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ മേഖലകൾക്ക് ഈ കരാർ വലിയ ഗുണകരമാകും. കരാർ നിലവിൽ വരുന്ന ആദ്യ ദിവസം മുതൽ തന്നെ ഇന്ത്യൻ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ നികുതി പൂജ്യമായി കുറയും. ഇത് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാൻ പോകുന്നത്. ആഭ്യന്തര കലാപത്തിനെ തുടർന്ന് തകർന്ന ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥയിൽ ഇപ്പോഴും പൂർണമായി തകരാതെ നിലനിൽക്കുന്നത് അവിടുത്തെ ടെക്സറ്റൈൽ നിർമാണ മേഖലയാണ്. ഇവിടെനിന്ന് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന തുണിത്തരങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ നികുതിയില്ലാതെ എത്തുന്ന ഇന്ത്യൻ വസ്ത്രങ്ങളുമായി മത്സരിക്കേണ്ടിവരും.
ഇതുവരെ ‘ഏറ്റവും കുറഞ്ഞ വികസിത രാജ്യം’ (LDC- Least Developed Country) എന്ന പദവി ഉപയോഗിച്ച് യൂറോപ്പിലേക്ക് തീരുവയില്ലാതെ വസ്ത്രങ്ങൾ കയറ്റുമതി ചെയ്തിരുന്ന ബംഗ്ലാദേശിന് ഇന്ത്യയിൽ നിന്നുള്ള കടുത്ത മത്സരം നേരിടേണ്ടി വരും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും നികുതിയിളവ് ലഭിക്കുന്നതോടെ ബംഗ്ലാദേശിന് വിപണിയിലുണ്ടായിരുന്ന മേൽക്കോയ്മ നഷ്ടപ്പെടും. വൻതോതിലുള്ള തൊഴിൽ നഷ്ടമാണ് ബംഗ്ലാദേശും ഭയപ്പെടുന്നത്. ആഭ്യന്തര കലാപത്തിന് ശേഷം അതിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നത് വീണ്ടുമൊരു കലാപത്തിന് വഴിയൊരുക്കുമെന്നാണ് ബംഗ്ലാദേശ് ഭയപ്പെടുന്നത്.



