വാഷിങ്ടൺ: ന്യൂയോർക്ക് നഗരത്തിൽ ലീജനേഴ്സ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. നാല് പേർക്ക് ജീവൻ നഷ്ടമാകുകയും 99 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു. ഇവരിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു.
സെൻട്രൽ ഹാലെമിൽ നിന്നുള്ള ഒരു ആശുപത്രിയിലെയും മറ്റൊരു ക്ലിനിക്കിലെയും 10 കെട്ടിടങ്ങളിൽ നിന്നുള്ള കൂളിങ് ടവറുകളിലാണ് അണുബാധ വ്യാപിച്ചത്. 12 കൂളിങ് ടവറുകളിൽ പതിനൊന്നെണ്ണത്തിലും പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രതിരോധ നടപടികൾ അതിവേഗം സ്വീകരിക്കുന്നുണ്ടെന്ന് ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു. വ്യാഴാഴ്ച ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്, ഹോസ്പിറ്റലുകൾ, ഹാർലെം ഉൾപ്പെടെ പ്രദേശത്തെ 10 കെട്ടിടങ്ങൾക്ക് സേവനം നൽകുന്ന 12 കൂളിങ് ടവറുകളിൽ ബാക്ടീരിയയുടെ പരിശോധനകൾ നടന്നു.
പരിശോധനയും പരിഹാരവും ഉറപ്പാക്കാൻ അധികൃതർ കെട്ടിട ഉടമകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ആക്ടിങ് ഹെൽത്ത് കമ്മീഷണർ ഡോ. മിഷേൽ മോഴ്‌സ് പറഞ്ഞു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ബാക്ടീരിയയുടെ ഉറവിടങ്ങൾ ഇല്ലാതാക്കാനായി. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗങ്ങളിൽ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടണം. ആദ്യഘട്ടത്തിൽ തന്നെ ചികിത്സ തേടിയാൽ മികച്ച ഫലം ലഭിക്കും. പുതിയ കേസുകളിലെ കുറബ് അനുകൂല ഘടകമാണെന്ന് മിഷേൽ മോഴ്‌സ് പറഞ്ഞു. ലീജനേഴ്സ് രോഗം താരതമ്യേന അപൂർവമാണെങ്കിലും യുഎസിൽ പ്രതിവർഷം 18,000ൽ താഴെ ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്നാണ് മെഡിക്കൽ റിസർച്ച് സെന്റർ ക്ലീവ്‌ലാൻഡ് ക്ലിനിക് നൽകുന്ന വിവരം.



