പാകിസ്ഥാൻ സൂപ്പർ ലീഗ് (PSL) കരാർ ഉപേക്ഷിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) കളിക്കാൻ പോകുന്ന വിദേശ താരങ്ങൾക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മൊഹ്സിൻ നഖ്വി. ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിൽ സമാനമായ രീതിയിൽ പിഎസ്എൽ ഉപേക്ഷിച്ച താരത്തിന് വിലക്ക് ഏർപ്പെടുത്തിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിലെ സീസണിൽ ഇസ്ലാമാബാദ് യുണൈറ്റഡ് താരം ബ്ലെസിംഗ് മുസറബാനി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും (KKR), ലാഹോർ ഖലന്ദർസ് താരം ദാസുൻ ഷാനക രാജസ്ഥാൻ റോയൽസിലും ചേരാൻ പിഎസ്എൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡ് നിലപാട് കടുപ്പിച്ചത്. 2025-ൽ പെഷവാർ സാൽമി താരമായിരുന്ന കോർബിൻ ബോഷ് മുംബൈ ഇന്ത്യൻസിനായി കളിക്കാൻ പോയതിനെത്തുടർന്ന് അദ്ദേഹത്തിന് പിഎസ്എൽ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.



