നടൻ എന്ന നിലയിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി എന്ന പുതിയ ഉത്തരവാദിത്തത്തിലേക്ക് വിജയ് മാറുമ്പോൾ, അദ്ദേഹത്തിന്റെ ജനപ്രീതിയെയും താരപ്പകിട്ടിനെയും കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ. വിജയിയുടെ അമാനുഷികമായ താരപദവിക്കും പ്രേക്ഷകരുമായുള്ള ആഴത്തിലുള്ള ബന്ധത്തിനും പിന്നിൽ വിശദീകരിക്കാനാകാത്ത ഒരു മാന്ത്രികതയുണ്ടെന്ന് മോഹൻലാൽ നിരീക്ഷിച്ചു. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ഉജ്ജ്വല വിജയം നേടിയ പശ്ചാത്തലത്തിലാണ് മോഹൻലാലിന്റെ പ്രതികരണം.
ദൃശ്യം 3-യുടെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് വിജയിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വാധീനത്തെക്കുറിച്ചും മോഹൻലാൽ സംസാരിച്ചത്. ‘ജില്ല’ എന്ന സിനിമയിൽ വിജയിക്കൊപ്പം മോഹൻലാൽ മുൻപ് അഭിനയിച്ചിരുന്നു. ഒരു നടന്റെ താരപദവി എന്നത് പലപ്പോഴും യുക്തിക്ക് അപ്പുറത്തുള്ള ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.



