ഊട്ടിയിലെ മോഹൻലാലിന്റെ ആഡംബരവസതിയിൽ താമസിക്കാൻ അവസരം. മൂന്ന് കിടപ്പുമുറികളും വിശാലമായ ഉദ്യാനവും ഉൾപ്പെടെ സൗകര്യങ്ങളുള്ള ബംഗ്ലാവിന് സാധാരണ നിലയിൽ 37,000 രൂപയാണ് ഒരുരാത്രിയും പകലും തങ്ങാൻ വാടക. ഹൈഡ്എവേ എന്ന് പേരിട്ടിരിക്കുന്ന വില്ല സ്വകാര്യവെബ്സൈറ്റാണ് വാടകയ്ക്ക് നൽകുന്നത്.

മൂന്ന് കിടപ്പുമുറികളിൽ ഒന്ന് മാസ്റ്റർ ബെഡ്റൂം ആണ്. മോഹൻലാലിന്റെ മക്കളായ പ്രണവിന്റേയും വിസ്മയയുടേയും പേരിലാണ് മറ്റ് രണ്ട് കിടപ്പുമുറികൾ. ഇതിന് പുറമേ ഒരു ലിവിങ് റൂമും ഒരു ഡൈനിങ് റൂമും ഫാമിലി റൂമും ടിവി ഏരിയയും ഇവിടെയുണ്ട്. മോഹൻലാൽ ചിത്രങ്ങളായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ബറോസിലും ഉപയോഗിച്ച തോക്കുകളുടെ പകർപ്പുകൾ സൂക്ഷിച്ച ഗൺ ഹൗസും വീടിനോട് ചേർന്നുണ്ട്. വിശാലമായ ഉദ്യോനവും ഇവിടെ താമസിക്കുന്നവർക്ക് ഉപയോഗിക്കാൻ സാധിക്കും. ഫാമിലി റൂമിൽ മോഹൻലാൽ ചിത്രങ്ങളിൽനിന്നുള്ള 300-ലേറെ കാരിക്കേച്ചറുകൾ കാണാം.

പേഴ്സണൽ ഷെഫിന്റെ സേവനവും ലഭ്യമാവും. 25 വർഷത്തോളമായി മോഹൻലാലിനും കുടുംബത്തിനുമൊപ്പം പ്രവർത്തിച്ച ഷെഫിന്റെ സേവനമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. കേരളീയഭക്ഷണം ഉൾപ്പെടെ ഇവിടെ ലഭിക്കും. പത്തുവർഷം മാത്രമാണ് ഈ ബംഗ്ലാവിന്റെ പഴക്കം. ഊട്ടിയിൽനിന്ന് 15 മിനിറ്റ് യാത്ര ചെയ്താൽ ഈ ആഡംബരവസതിയിൽ എത്താം.