പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂഗ്ലി നദിയിലൂടെയുള്ള തോണി യാത്രയെ പരിഹസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ഡൽഹിയിലെ യമുനാ നദി ബിജെപി ഭരണത്തിന് കീഴിൽ അതീവ മലിനമാണെന്നും, എന്നാൽ ബംഗാളിലെ ഹൂഗ്ലി നദി സംസ്ഥാന സർക്കാർ വൃത്തിയായി സംരക്ഷിക്കുന്നതിനാലുമാണ് പ്രധാനമന്ത്രിക്ക് ഈ യാത്ര ആസ്വദിക്കാൻ കഴിഞ്ഞതെന്നും മമത പറഞ്ഞു. ഹൗറയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് മമതയുടെ ഈ പരിഹാസം. മലിനീകരണം കാരണം ഡൽഹിയിൽ ഇത്തരമൊരു യാത്ര നടത്താൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് അവകാശപ്പെട്ട മമത, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും ഡൽഹിയിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്ന് ആരോപിച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പുലർത്തുന്ന നിശബ്ദതയെയും അവർ ചോദ്യം ചെയ്തു. ഹാഥ്രസിനെക്കുറിച്ചും ഡൽഹിയെക്കുറിച്ചും സംസാരിക്കുന്നവർ എന്തുകൊണ്ട് കത്തിയെരിയുന്ന മണിപ്പൂരിലേക്ക് പോകുന്നില്ലെന്നും മമത ചോദിച്ചു. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ജനങ്ങളിൽ വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെന്നും ഇതുമൂലം സംസ്ഥാനത്ത് മുന്നൂറിലധികം മരണങ്ങൾ സംഭവിച്ചതായും അവർ കുറ്റപ്പെടുത്തി.

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഹൂഗ്ലി നദിയിലൂടെ തോണി യാത്ര നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഗംഗ ബംഗാളിന്റെ ആത്മാവിലൂടെയാണ് ഒഴുകുന്നതെന്ന് കുറിച്ച പ്രധാനമന്ത്രി, പശ്ചിമ ബംഗാളിന്റെ വികസനത്തിനായുള്ള തന്റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു. തോണിത്തൊഴിലാളികളെ നേരിൽ കാണാൻ കഴിഞ്ഞതിലും ഗംഗാ നദിക്ക് നന്ദി അർപ്പിക്കാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും മോദി തന്റെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.